എളമരം പാലം നാടിന് സമർപ്പിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം നാടിന് സമർപ്പിച്ചു. രണ്ട് ജില്ലകളിൽ നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.
മാവൂർ ഭാഗത്തുനിന്ന് നാടമുറിച്ച് പാലത്തിലേക്ക് കയറിയ വിശിഷ്ടാതിഥികൾ ഘോഷയാത്രയുടെ അകമ്പടിയോടെ എളമരത്ത് എത്തി. തുടർന്ന് ഉദ്ഘാടന ഫലകം അനാഛാദനം ചെയ്ത മന്ത്രി പാലം നാടിന് സമർപ്പിച്ചു. 35 കോടി രൂപ ചെലവഴിച്ച് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിച്ചത്.
പാലം വഴി ഗതാഗതവും ടൂറിസവും ഒരുമിച്ച് സാധ്യമാക്കും -മന്ത്രി മുഹമ്മദ് റിയാസ്
എടവണ്ണപ്പാറ: ചാലിയാറിൽ പണി പൂർത്തിയാക്കിയ എളമരം കടവ് പാലത്തിൽ സി.ആർ.ഐ.എഫ് ഫണ്ടുപയോഗപ്പെടുത്തി ഗതാഗതത്തോടൊപ്പം ടൂറിസ വികസനവും സാധ്യമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച എളമരം പാലം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ മറുകരയായ മാവൂർ ഭാഗത്തുനിന്ന് തിങ്കളാഴ്ച വൈകീട്ട് വാദ്യമേള അകമ്പടിയോടെ നടന്ന ഘോഷയാത്ര പാലത്തിന്റെ എളമരം ഭാഗത്ത് തയാറാക്കിയ സമ്മേളനവേദിയിലെത്തിയതോടെയാണ് ഉദ്ഘാടനം നടന്നത്.
ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. ഇനി മുതൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവൃത്തികളിൽ ജനങ്ങൾ കേവലം കാഴ്ചക്കാരെല്ലെന്നും മറിച്ച് കാവൽക്കാരാണെന്നും സദസ്സിന്റെ കരഘോഷങ്ങൾക്കിടെ മന്ത്രി പ്രഖ്യാപിച്ചു. 35 കോടി രൂപ ചെലവിൽ നിർമിച്ച പാലം പൂർണമായി കേന്ദ്രഫണ്ടുപയോഗിച്ചാണെന്നത് തെറ്റായ പ്രചാരണമാണ്. 2025 ഓടെ കാസർകോട്-തിരുവനന്തപുരം ദേശീയപാത വികസനം പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലം മുതല്‍ എടവണ്ണപ്പാറ വരെയുള്ള 2.8 കി.മീ. അപ്രോച്ച് റോഡും എളമരം ജങ്ഷന് മുതല്‍ വാലില്ലാപുഴ വരെയുള്ള 1.8 കി.മീ. റോഡും മറുഭാഗത്ത് പാലം മുതല്‍ മാവൂര്‍ വരെയുള്ള ഒരു കി.മീ. അപ്രോച്ച് റോഡുകളുടെ നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്.
പാലം തുറന്നതോടെ എളമരം, അരീക്കോട്, കൊണ്ടോട്ടി ഭാഗത്തുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി, കുന്നമംഗലം, വയനാട് ഭാഗങ്ങളിലേക്കും കുന്ദമംഗലം താമരശ്ശേരി, വയനാട് ഭാഗത്തുനിന്നുള്ളവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താം. മലപ്പുറം പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗമാണ് നടത്തിപ്പ് ചുമതല നിര്‍വഹിച്ചത്. കോഴിക്കോട് ആസ്ഥാനമായ പി.ടി.എസ് ഹൈടൈക് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബില്‍ഡേഴ്സും ചേര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, എളമരം കരീം, പി.ടി.എ. റഹീം എം.എൽ.എ, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, ജനപ്രതിനിധികളായ സുധ കമ്പളത്ത്, പി. അബൂബക്കർ, മൈമുന കട്ക്കഞ്ചേരി, ജന്ന ശിഹാബ്, വാസന്തി, ഗ്രാസിം ഇൻഡസ്ട്രി ലിമിറ്റഡ് മാനേജർ ലഫ്. കേണൽ കെ.കെ. മനു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ. പ്രമോദ് ദാസ്, രവി തേലത്ത്, ജബാർ ഹാജി, ജൈസൽ എളമരം, സലാം എളമരം, ആലപ്പാട്ട് അബൂബക്കർ ഹാജി, കെ. ബാലകൃഷ്ണൻ, മലപ്പുറം ദേശീയപാതവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. അബ്ദുൽ അസീസ്, ദേശീയപാത കോഴിക്കോട് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ ജി.എസ്. ദിലീപ് ലാൽ, ചീഫ് എൻജിനീയർ അശോക് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.