ആംബുലൻസിലെ പീഡനം: സി.ഐ.ടി.യുവിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകി - എളമരം കരീം
text_fieldsകോഴിക്കോട്: പത്തനംതിട്ടയിൽ യുവതി ആംബുലൻസിൽ വെച്ച് പീഡനത്തിരയായ സംഭവത്തിൽ സി.ഐ.ടി.യുവിനെതിരെ വ്യാജ വാർത്തയും, സേന്ദശവും പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകിയെന്ന് സി.ഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച് പരാതി കൈമാറിയത്. വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നൽകിയതെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
എളമരം കരീം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം:
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ 108 ആംബുലന്‍സില്‍ വച്ച് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രതിയെ സംരക്ഷിക്കാൻ ഇടപെട്ടു എന്ന തരത്തിൽ വ്യാജ വാർത്തയും വ്യാജ സന്ദേശവും പ്രചരിപ്പിച്ചവർക്കെതിരെ സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് പരാതി നൽകി.
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണ് സിഐടിയു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ആയിരക്കണക്കിന് ട്രേഡ് യൂണിയനുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേന്ദ്ര സംഘടനയാണിത്. കേരളത്തില്‍ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത യൂണിയനുകളില്‍ ആകെ 22 ലക്ഷത്തില്‍ പരം മെമ്പര്‍മാര്‍ ഉണ്ട്.
ഈ സംഘടനയെ അപമാനിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം വ്യാജ സന്ദേശങ്ങള്‍ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
ആറന്മുളയില്‍ കോവിഡ് രോഗിയായ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി 108 ആംബുലന്‍സില്‍ വെച്ച് അതിന്റെ ഡ്രൈവര്‍ പീഡിപ്പിച്ച ഒരു ഹീന സംഭവം നടക്കുകയുണ്ടായി. ഈ സംഭവത്തിലെ പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ പരസ്യമായി അപലപിച്ച സംഘടനയാണ് സിഐടിയു.എന്നാല്‍ സിഐടിയുവിനെ അപമാനിക്കുന്ന വിധത്തിലാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി ചിലർ പരസ്യപ്രസ്താവന നടത്തിയത്.
" കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം എടുക്കുന്നതിനും, സംരക്ഷിക്കുന്നതിനും സിപിഎം നേതാവും, സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ " ജാക്സണ്‍ " അടൂര്‍ പോലീസ് സ്റ്റേഷനില്‍ തങ്ങുന്നു " എന്നാണ് വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരു വ്യക്തിയായ സിറില്‍ ജോസിന്റെ കുറിപ്പില്‍ കാണുന്നത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടായി ജാക്സണ്‍ എന്നൊരാള്‍ ഇല്ല. സംസ്ഥാന ഭാരവാഹികളെ സംസ്ഥാന സമ്മേളനമാണ് തെരെഞ്ഞെടുക്കുന്നത്.
ഇത്തരത്തിലുള്ള ചിലർ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വ്യാജ സന്ദേങ്ങളും പ്രസ്‌താവനകളും വാസ്തവ വിരുദ്ധവും ജനങ്ങള്‍ക്കിടയില്‍ സിഐടിയുവിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. ഇത് മനപ്പൂര്‍വം സിഐടിയുവിനെ കരിവാരിത്തേക്കലാണ്. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികളുടെ പേരില്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന പോലീസ് വകുപ്പ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.