പി.ടി ഉഷക്കെതിരെ എളമരം കരീം: 'കുറച്ചുകാലമായി അവര്‍ യോഗ്യത തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു'; എതിർപ്പുമായി കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിന് പിന്നാലെ ഒളിംപ്യന്‍ പി ടി ഉഷയ്‌ക്കെതിരെ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. 'ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാനമിർദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്' -കരീം പറഞ്ഞു.
ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിനേയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനേയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും കരീം പറഞ്ഞു.
'അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാനമിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്' -എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇളയരാജ, കെ.വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് പി.ടി. ഉഷ രാജ്യസഭാ അംഗത്വ പട്ടികയിൽ ഇടം നേടിയത്. ബുധനാഴ്ച്ച വൈകീട്ട് പ്രധാനമന്ത്രിയാണ് ഉഷയുടെ പേര് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വിവരം പുറത്തുവിട്ടത്. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ ഉഷ ബുധനാഴ്ച ജോലിയില്‍ നിന്ന് വിആര്‍എസ് എടുക്കാൻ അപേക്ഷ നല്‍കിയിരുന്നു.
പി.ടി ഉഷയെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ -കെ. സുരേന്ദ്രൻ
കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ പിടി ഉഷയുടെ യോഗ്യത അളക്കാൻ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിടി ഉഷ ഭാരതത്തിന് നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. പല അന്താരാഷ്ട്ര മത്സര വേദികളിലും ഇന്ത്യൻ ദേശീയപതാക വിജയക്കൊടിയായി പാറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവർ. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച പി.ടി ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാൻ രാജ്യദ്രോഹികൾക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടനയേയും ദേശീയ ഹീറോകളെയും അപമാനിക്കുന്നത് സിപിഎം നേതാക്കൾ പതിവാക്കിയിരിക്കുകയാണ്. തുടർഭരണത്തിന്റെ ഹുങ്കിൽ മാർകിസ്റ്റുകാർ അസഹിഷ്ണുതയുടെ വക്താക്കളായി മാറി കഴിഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ സിപിഎം എംഎൽഎ അംബേദ്ക്കറിനെ അപമാനിച്ചത് കേരളം കണ്ടതാണ്. ചങ്കിൽ ചൈനയെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് സിപിഎം നേതാക്കൾ ഇങ്ങനെ സ്വയം അപഹാസ്യരായി മാറുന്നത്. എളമരം കരീമിന്റെ യോഗ്യത എന്താണെന്ന് കോഴിക്കോട്ടുകാർക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.