അദാനിത്താവളം: വ്യോമയാന മന്ത്രിക്ക് എതിരെ അവകാശലംഘന നോട്ടീസ് നൽകി എളമരം കരീം
text_fieldsന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നൽകിയെന്നതിന് വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരിക്കെതിരെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ്. സി.പി.എം സഭാകക്ഷി നേതാവ് എളമരം കരീമാണ് ചട്ടം 187 പ്രകാരം രാജ്യസഭ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയത്.
ലേലപ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് തെൻറ ചോദ്യത്തിന് മറുപടിയായി വ്യോമയാന മന്ത്രി രാജ്യസഭയിൽ രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാൽ, വിമാനത്താവളവും അനുബന്ധ ഭൂമിയും 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനൽകുകയാണ് കേന്ദ്രസർക്കാർ.
പാട്ടത്തിന് നൽകാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ഹൈകോടതിയുടെ പരിഗണനയിലാണെന്നും സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയിൽ മാർച്ച് 11ന് ഹർദീപ് സിങ് പുരി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും കേരള ഹൈകോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ ഉണ്ടാവൂവെന്ന് മന്ത്രിയും സർക്കാറും ഈ പ്രസ്താവനയിലൂടെ പാർലമെൻറിനെയും ജനങ്ങളെയും വിശ്വസിപ്പിച്ചു. ഇതിന് കടകവിരുദ്ധമാണ് നിലവിലെ തീരുമാനം.
അതായത്, പാർലമെൻറിനെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകി. ഈ മറുപടി ശരിയായിരുന്നുവെന്നാണ് വാദമെങ്കിൽ, മന്ത്രിയും സർക്കാറും സഭയിൽ നൽകിയ രേഖാമൂലമുള്ള പ്രസ്താവന ലംഘിച്ചു എന്നാവും. രണ്ടായാലും സഭാചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണ് വ്യോമയാന മന്ത്രി നടത്തിയതെന്ന് എളമരം കരീം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.