കെ. റെയിൽ: ഡി.പി.ആറിൽ വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് എളമരം കരീം
text_fieldsന്യൂഡൽഹി: കെ. റെയിൽ പദ്ധതിയുടെ ഡിറ്റെയ്‍ൽ പ്രോജക്ട് റിപ്പോർട്ടിൽ (ഡി.പി.ആർ) വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി. പദ്ധതിക്ക് അനുമതി പൂർണമായി നിഷേധിച്ചിട്ടില്ല. കേന്ദ്ര ആവശ്യപ്പെട്ട വിശദീകരണം സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഇത്തരം വികസന പദ്ധതികൾ വരാൻ പാടില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. യു.ഡി.എഫും യു.ഡി.എഫിനെ അനുകൂലിക്കുന്നവരും മനപ്പായസം ഉണ്ണുകയാണ്. പദ്ധതി പൂർണമായി ഇല്ലാതായെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടില്ലെന്നും എളമരം കരീം വ്യക്തമാക്കി.
എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കെ. റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
പദ്ധതി റിപ്പോർട്ടിൽ സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ല. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം.
പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.