തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ഐക്യസമരം ഉയരണമെന്ന് എളമരം കരീം
text_fieldsതിരുവനന്തപുരം: മുതലാളിത്തചൂഷണത്തിനെതിരെ നിലകൊള്ളുന്നവരെ നിർദയം അടിച്ചമർത്തുകയാണെന്നും, അതിനെതിരെ ചെറുത്ത് നിൽപ്പ് ഉയർത്തിക്കൊണ്ടു വരണമെന്നും എളമരം കരീം എം.പി. എൻ.ജി.ഒ.യൂനിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളവൽക്കരണവും, ആധുനിക സാങ്കേതിക വിദ്യയും കൂടി ചേർന്ന് വിവര വിനിമയ വിനോദ മേഖലയാകെ കുത്തകവൽക്കരിക്കുന്നു.മനുഷ്യന്റെ മനസിനെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന് ഗവേഷണം നടത്തി വാർത്തകൾ തയാറാക്കുകയാണ്. സാംസ്കാരിക മേഖലയാകെ കുത്തകവൽക്കരിക്കുന്നു. ധൈഷണിക പ്രവർത്തന മണ്ഡലത്തിന്റെ കുത്തകവൽക്കരണമാണ് ഇന്ന് ലോകത്ത് നടക്കുന്നത്. ആഗോളവൽക്കരണം ദൈനംദിന ജീവിത യാഥാർഥ്യങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റുന്നു.
രാജ്യത്തിന്റെ സമ്പത്ത് മുതലാളിത്തം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകൾ വൻതോതിൽ സ്വകാര്യവൽക്കരിക്കപ്പെടുന്നു. സമുദ്രത്തിനടിയിലെ ധാതുവിഭവങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ പോകുന്നു. ഇത് മത്സ്യസമ്പത്തിനേയും, പരമ്പരാഗത മത്സ്യ തൊഴിലാളികളെയും സാരമായി ബാധിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള വിളംബരമാണ് പാർലമെന്റ് ഉദ്ഘാടനത്തിലൂടെ നാം കണ്ടത്.
പുതിയ നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ട് രാജ്യത്തെ വനം, കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള ശ്രമമാണ് നടത്തുന്നത്. ബഹുരാഷ്ട്ര വിത്ത് വിതരണ കമ്പനികൾക്ക് വേണ്ടി കാർഷിക മേഖല തുറന്നു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.