ഏലംകുളം കൊലപാതകം: പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു
text_fieldsപെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന്‍റെ പേരിൽ വീട്ടിൽ കയറി 21കാരിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പ്രതി വിനീഷ് വിനോദിനെ കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സുരക്ഷയിലാണ് ഏർപ്പെടുത്തിയിരുന്നു. പ്രതി കത്തിച്ച ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തൽമണ്ണയിലെ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
പഴയ കത്തിയുമായാണ് ദൃശ്യയെ കൊലപ്പെടുത്താൻ പ്രതി വീട്ടിലെത്തിയത്. എന്നാൽ, വീട്ടിൽ നിന്നും കൈവശപ്പെടുത്തിയ മൂർച്ചയുള്ള കത്തി കൊണ്ടാണ് കൊലപാതകം നടത്തിയത്. ഈ കത്തി അന്വേഷണ സംഘം കണ്ടെത്തി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രതി കൊണ്ടുവന്ന പഴയ കത്തി കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, കൊലപാതകത്തിന് ശേഷം ചെരുപ്പ് ഉപേക്ഷിച്ച ശേഷമാണ് പ്രതി ഒാടി രക്ഷപ്പെട്ടത്. ഈ ചെരുപ്പും പൊലീസ് പരിശോധനയിൽ കണ്ടെത്തണം.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് പ്രണയം നിരസിച്ചതിന്‍റെ പേരിൽ വീട്ടിൽ കയറി ഏലംകുളം പഞ്ചായത്തിൽ എളാട് ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്‍റെ മകൾ ദൃശ്യയെ (21) പ്രതിയായ പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ (13) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 9.30ഒാടെ പെരിന്തൽമണ്ണ ഊട്ടി റോഡിൽ ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന വ്യാപാര സ്ഥാപനം കത്തിനശിച്ച് വൻ നഷ്ടം സംഭവിച്ചിരുന്നു. സാധാരണ തീപിടിത്തമാണെന്നാണ് കരുതിയതെങ്കിലും കട കത്തിച്ചതിന് പിന്നിലും പ്രതി വിനീഷാണെന്ന് തെളിഞ്ഞു. കട കത്തിനശിച്ചതിനെ തുടർന്ന് ബാലചന്ദ്രൻ വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ടൗണിലായിരുന്ന സമയത്താണ് വിനീഷ് കൊലപാതകത്തിനായി ഏലംകുളത്തെത്തിയത്. ബാലചന്ദ്രന്‍റെ ഭാര്യ ദീപ കുളിക്കാൻ പോയതായിരുന്നു.
വീടിന്‍റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ട്. ബഹളംകേട്ട് മുകൾ നിലയിൽ നിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധത്താൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞത്.
കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ഒരു തവണ വിനീഷ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ദൃശ്യ പ്രതിയിൽ നിന്ന് നേരിട്ടിരുന്നു. ദേവശ്രീയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്‍റെ പരാതിയിൽ നേരത്തേ വിനീഷ് വിനോദിനെ പൊലീസ് താക്കിത് ചെയ്തതുമാണ്. മരിച്ച ദൃശ്യ ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽ.ബി മൂന്നാം വർഷ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.