ഇലന്തൂർ ഇരട്ടനരബലി: ലൈലയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
text_fieldsകൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ (59) ജാമ്യാപേക്ഷ ഹൈകോടതി തള്ളി. പ്രതിയുടെ കേസിലെ പങ്ക് വ്യക്തമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രതിക്ക് സ്ത്രീയെന്ന ആനുകൂല്യംപോലും നൽകാനാകില്ലെന്നും അങ്ങേയറ്റം ഭയാനകമായ കുറ്റകൃത്യമാണ് അരങ്ങേറിയതെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.
എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മ, കാലടി സ്വദേശിനി റോസ്‌ലിൻ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒക്ടോബർ 11 മുതൽ ലൈല തടവിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തേ എറണാകുളം അഡി. സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷൻ കെട്ടിച്ചമച്ച കഥ അവിശ്വസനീയമാണെന്നും ലൈല സാക്ഷി മാത്രമാണെന്നുമായിരുന്നു അഭിഭാഷകന്‍റെ വാദം. ലൈലക്കെതിരെ തെളിവുകളില്ലെന്നും വാദിച്ചു. കേസിന്റെ സാഹചര്യങ്ങൾ പരിശോധിച്ചാൽ ഇവർക്ക് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈകോടതി വിലയിരുത്തി. ഇവരുടെ മൊഴിയെത്തുടർന്നാണ് തൊണ്ടി സാധനങ്ങൾ കണ്ടെടുത്തതെന്ന് രേഖകളിൽ വ്യക്തമാണ്. കുറ്റപത്രം നൽകിയിട്ടില്ലെങ്കിലും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതു നീതിനിഷേധമാകുമെന്നും ഹൈകോടതി വിലയിരുത്തി.
പത്മയെയും പിന്നീട് റോസ്‌ലിനെയും ഒന്നാം പ്രതി പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടു വന്നെന്നും രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്‍റെ പരിസരങ്ങളിൽ കുഴിച്ചിട്ടെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.