ഇലന്തൂർ ഇരട്ട നരബലി: മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് കുറ്റപത്രം
text_fieldsആലുവ: ഇലന്തൂർ നരബലിക്കേസിൽ കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചതായി എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അഡീഷനൽ പൊലീസ് സൂപ്രണ്ട് ടി. ബിജി ജോർജ് തലവനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ കുറ്റപത്രം സമർപ്പിച്ചത്.
ബലാത്സംഗവും കൊലപാതകശ്രമവും മോഷണവും അടക്കം നിരവധി കേസിലെ പ്രതിയായ എറണാകുളം ഗാന്ധിനഗറിൽ വാടകക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (52) കേസിലെ മുഖ്യ സൂത്രധാരൻ. ഐശ്വര്യപൂജക്ക് എന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാം പ്രതി കടകംപള്ളി വീട്ടിൽ ഭഗവൽ സിങ് (67), ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും ബാക്കി ഭാഗങ്ങൾ പറമ്പിൽ കുഴിച്ചിട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർക്കെതിരെ കൊലപാതകത്തിനുപുറമെ കൂട്ട ബലാത്സംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രതികൾ അറസ്റ്റിലായി 89ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രത്യേക അന്വേഷണസംഘത്തിൽ കൊച്ചി സിറ്റി ഡി.സി.പി എസ്.ശശിധരൻ, പെരുമ്പാവൂർ എ.സി.പി ആയിരുന്ന അനുജ് പലിവാൽ, മുളന്തുരുത്തി എസ്.എച്ച്.ഒ പി.എസ്. ഷിജു, കാലടി എസ്.എച്ച്.ഒ എന്‍.എ. അനൂപ്, എസ്.ഐമാരായ ടി.ബി. ബിബിൻ, പി.സി. പ്രസാദ്, എ.എസ്.ഐ ടി.എസ്. സിജു, എസ്.സി.പി.ഒമാരായ എം.വി. ബിനു, എം.ആര്‍. രാജേഷ്, പി.എ. ഷിബു, കെ.പി. ഹബീബ്, വി.ആര്‍. അനിൽകുമാർ, എം.എസ്. ദിലീപ്കുമാർ, പി.എം. റിതേഷ് എന്നിവർ അംഗങ്ങളായിരുന്നു.
എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സംഘത്തിന് പിന്തുണ നൽകി. പെരുമ്പാവൂർ ജിഷ വധക്കേസിലെയും കൂടത്തായി കേസിലെയും സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനാണ് ഈ കേസിലെയും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.