ഷാഫി പരിചയക്കാരെയും മന്ത്രവാദത്തിലേക്ക് ക്ഷണിച്ചു; സഹകരിച്ച് തുടങ്ങി
text_fieldsകൊച്ചി: നരബലി കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ആഭിചാരത്തിലേക്കും മന്ത്രവാദത്തിലേക്കും പരിചയക്കാരെയും പ്രേരിപ്പിച്ചതായി വെളിപ്പെടുത്തൽ. കച്ചവടം മെച്ചപ്പെടാനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാനും പ്രത്യേകതരം മന്ത്രവാദം നടത്തിയാൽ മതിയെന്നാണ് വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. ചിറ്റൂർ റോഡിലെ വൈ.എം.സി.എ ജങ്‌ഷന് സമീപമായിരുന്നു ഷാഫിയുടെ ഹോട്ടൽ. ഇതിന് പരിസരത്തെ സാധാരണകടക്കാരെയാണ് മന്ത്രവാദത്തിനായി പ്രേരിപ്പിച്ചത്. എന്നാൽ, സ്ഥിരം മദ്യപാനിയും ഇടക്ക് വഴക്കുണ്ടാക്കുന്ന സ്വഭാവമുള്ള ഇയാളെ വിശ്വസിക്കാൻ ആരും തയാറായില്ല.
കച്ചവടക്കാരുമായി വഴക്കും ബഹളവുമുണ്ടാക്കിയതിന് കടവന്ത്ര പൊലീസ് നേരത്തേ ഷാഫിയെ താക്കീത് ചെയ്തിരുന്നതായി സമീപത്തുള്ളവർ പറയുന്നു. മന്ത്രവാദത്തിന്‍റെ പേരിൽ ആരിൽനിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അത്തരത്തിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായവരെ കണ്ടെത്താൻ ഫോൺ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതി ഷാഫി ചോദ്യം ചെയ്യലിൽ പൊലീസിനോട് സഹകരിച്ച് തുടങ്ങി. ഇതുവരെ എല്ലാറ്റിനും ഇല്ല, അറിയില്ല എന്ന് മറുപടി പറഞ്ഞിരുന്ന ഷാഫി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി തുടങ്ങിയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. വ്യാഴാഴ്ച രാത്രിവരെ ചോദ്യം ചെയ്യലിനോട് വിമുഖത കാണിച്ച പ്രതി, രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നപ്പോൾ കാര്യങ്ങൾ പറഞ്ഞു തുടങ്ങുകയായിരുന്നു. ഷാഫിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചാണ് നിലവിൽ വിവരങ്ങൾ ശേഖരിച്ചുവരുന്നത്.
ഷാഫിക്കൊപ്പം മറ്റ് പ്രതികളായ ഭഗവൽസിങ്, ലൈല എന്നിവരെയും എറണാകുളം പൊലീസ് ക്ലബ്ബിൽ എത്തിച്ചാണ് കൊച്ചി ഡി.സി.പി എസ്. ശശിധരന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വെക്കാൻ വ്യാഴാഴ്ച പൊലീസിന് അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീണ്ടും തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ടുവരെ തുടർന്നു. ഇതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർദിവസങ്ങളിലെ തെളിവെടുപ്പ്.
ആദ്യം ഷാഫിയുടെ ഹോട്ടൽ, വീട്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കാനാണ് സാധ്യത. ഇതിന് ശേഷമാകും ഇലന്തൂരിൽ കൊണ്ടുപോകുന്നത്. ഒന്നാം പ്രതി ഷാഫിയെ കടവന്ത്ര, ഭഗവൽസിങ്ങിനെ മുളവുകാട്, ലൈലയെ കസബ സ്റ്റേഷനുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.