ഇലന്തൂർ നരബലി: കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെട്ടു; കൊലക്കത്തിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടെന്ന് മറ്റൊരു സ്ത്രീയും
text_fieldsഓട്ടോ ഡ്രൈവർ ഹാഷിമും നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരും
പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടത്തിയവർ മുൻപും പലരെയും വലയിലാക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ്. ഇലന്തൂരിലെ വീട്ടിൽ ജോലിക്ക് എന്ന് പറഞ് കൊണ്ടു വന്ന സ്ത്രീയെയും ഒരു ലോട്ടറി വിൽപ്പനക്കാരിയെയും ഇരയാക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. പത്തനം തിട്ട സ്വദേശിയായ ഓമന എന്ന ലോട്ടറി വിൽപ്പനക്കാരിയാണ് കൊലക്കത്തിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ഓമനയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഉഴിച്ചിൽ നടത്തുന്ന വൈദ്യരായിരുന്ന ഭഗവൽ സിങ്ങിന് മരുന്നിടിക്കാൻ സഹായിയെ വേണം എന്ന് പറഞ്ഞാണ് ഓമനയെ വീട്ടിൽ എത്തിച്ചത്. പിന്നീട് കൈകാലുകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഓമന തന്നോട് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവറായ ഹാഷിം മീഡിയാ വണിനോട് പറഞ്ഞു.
ഓമന തന്നെ ഫോൺ വിളിച്ച് വരുത്തുകയായിരുന്നു. ഇലന്തൂരിലെ വീട്ടിലെത്തിയപ്പോൾ ഒരു നൈറ്റി ധരിച്ച് ഓമന ഇറങ്ങി വന്നു. വണ്ടിയിൽ വെച്ചാണ് വീട്ടുകാർ ആക്രമിച്ച കാര്യം അവർ പറഞ്ഞത്. പൊലീസിൽ പരാതി നൽകാമെന്ന് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. സ്ത്രീക്ക് അപമാനമാകുമെന്ന് കരുതിയാണ് താൻ ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും ഹാഷിം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.