വിഷാദരോഗിയെന്ന് നരബലി കേസിലെ പ്രതി; ലൈല അടക്കം മൂന്നു പേരും റിമാൻഡിൽ
text_fieldsകൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാൻഡിൽ. ഭഗവൽ സിങ്, ഭാര്യ ലൈല, മന്ത്രവാദി മുഹമ്മദ് ഷാഫി എന്നിവരെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. റിമാൻഡിലായ പ്രതികളെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും.
അന്വേഷണ സംഘത്തിനെതിരെ പരാതിയില്ലെന്ന് ഷാഫി കോടതിയിൽ വ്യക്തമാക്കി. വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദമുണ്ടെന്നും മറ്റൊരു പ്രതിയായ ലൈലയും വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് എറണാകുളം സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ പ്രതികളെ കൊച്ചിയിൽ എത്തിച്ചത്. തുടർന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. റോസ് ലിയെയും പത്മയെയും കൂടാതെ മറ്റ് സ്ത്രീകളെയും പൂജയിൽ പങ്കെടുപ്പിക്കാൻ സമീപിച്ചെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഷാഫിയെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. സമീപകാലത്ത് കൊച്ചിയിൽ നിന്ന് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
പത്തനംതിട്ട ഇലന്തൂരിലാണ് കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി മന്ത്രവാദത്തിന്റെ പേരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തിയത്. പാരമ്പര്യ തിരുമ്മുചികിത്സ കേന്ദ്രം നടത്തുന്ന ഭഗവൽ സിങ്ങിന്‍റെ വീട്ടിലാണ് സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് കൊന്നു കഷണങ്ങളാക്കി കുഴിച്ചിട്ടത്. കേസിൽ മന്ത്രവാദിയായ ഏജന്റ് പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ്, പാരമ്പര്യ തിരുമ്മുചികിത്സ കേന്ദ്രം നടത്തുന്ന ഇലന്തൂർ കടകമ്പള്ളിൽ ഭഗവൽ സിങ് വൈദ്യർ (67), രണ്ടാം ഭാര്യ ലൈല (60) എന്നിവർ അറസ്റ്റിലായി.
ലോട്ടറി വിൽപനക്കാരായ എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് ധർമപുരി സ്വദേശി പത്മ (56), കാലടി മറ്റൂരിൽ താമസിച്ചിരുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് മന്ത്രവാദത്തിന്റെ ഭാഗമായി പീഡിപ്പിച്ചും തലയറുത്തും കൊലപ്പെടുത്തിയത്.
ഭഗവൽ സിങ്ങിന്‍റെ കുടുംബത്തിന്റെ സമ്പദ്സമൃദ്ധിക്കായി ഇയാളുടെ വീടിന് സമീപത്തെ തിരുമ്മുചികിത്സ കേന്ദ്രത്തിലാണ് ജൂൺ, സെപ്റ്റംബർ മാസങ്ങളിലായി കൊലപാതകങ്ങൾ നടന്നത്. കട്ടിലിൽ കെട്ടിയിട്ട് കഴുത്തറത്ത ശേഷം ജനനേന്ദ്രിയത്തിൽ കത്തി കുത്തിയിറക്കി ശേഖരിച്ച രക്തം വീടിന് ചുറ്റും തളിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന് സമീപത്ത് രണ്ടിടങ്ങളിലായി ആഴത്തിൽ കുഴിയെടുത്ത് മണ്ണിട്ടുവെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.