ഇലന്തൂർ നരബലി: കുഴിക്കാലയിലെ വീടിനു സമീപത്തു നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
text_fieldsകൊച്ചി: തിരുവല്ലയിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയെന്ന് സൂചന. കടവന്ത്ര സ്വദേശി പത്മയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇലന്തൂർ കുഴിക്കാലയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു സമീപം പലയിടങ്ങളിലായി കുഴിച്ചടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനക്കയച്ച് ഫലം വന്നശേഷം മാത്രമേ ഇവ ആരുടെതാണെന്ന് വ്യക്തമാകൂ. പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും അടക്കമുള്ള സംഘമാണ് പരിശോധന നടത്തിയത്. 12 മണിയോടെ പ്രതികളെയും കൊണ്ട് വാഹനം കുഴിക്കാലയിലെ വീട്ടിലെത്തി. തുടർന്നാണ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം നടത്തിയത്.
ഭഗവൽ സിങ്ങും ഭാര്യ ലൈലും സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ശ്രീദേവിയെന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ദമ്പതികളുമായി ബന്ധം സ്ഥാപിച്ച പെരുമ്പാവൂർ സ്വദേശി ഷാഫി സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റഷീദ് എന്ന സിദ്ധനെ കാണാൻ ഉപദേശിക്കുകയായിരുന്നു. ഷാഫി തന്നെയാണ് റഷീദായും ഇവരുടെ മുന്നിൽ എത്തിയത്.
ഇവർ റഷീദുമായി ബന്ധപ്പെടുകയും നരബലി കൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതിന് മുമ്പായി ഷാഫി ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ പീഡിപ്പിച്ചു. കൂടുതൽ സമൃദ്ധിക്കായി നരബലി കൊടുക്കാൻ ആവശ്യപ്പെട്ടു.
ഷാഫി തന്നെയാണ് ആദ്യം റോസ്‍ലിയെ കുഴിക്കാലയിലെ വീട്ടിൽ എത്തിക്കുന്നത്. 10 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവരെ കുഴിക്കാലയിലെത്തിച്ചത്. കട്ടിലിൽ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലടക്കം മുറിപ്പെടുത്തുകയും രക്തം വീടിനു ചുറ്റും തളിക്കുകയും ചെയ്തു. ഒടുവിൽ കഴുത്ത് മുറിച്ച് കൊല്ലുകയുമായിരുന്നു. ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയാണ് കഴുത്തു മുറിച്ചത്. കൊലപാതക ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിട്ടു.
എന്നിട്ടും ഐശ്വര്യം വരാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കുടുംബത്തിന് ശാപമുണ്ടെന്നും മറ്റൊരു നരബലി കൂടി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരമാണ് രണ്ടാമത് പത്മയെ ഷാഫി കൂട്ടിക്കൊണ്ടു വരുന്നത്. ഇവർക്കും പണം വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടുവന്നത്.
അതിക്രൂരമായാണ് ഇവരെയും കൊന്നതെന്ന് പൊലീസ് പറഞ്ഞു. വിവരിക്കാൻ പോലുമാകാത്തത്ര ക്രൂരമായി കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിടുകയായിരുന്നു. കാണാതായി 24 മണിക്കൂറിനുള്ളിൽരണ്ട് സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.