നരബലിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധം; മുഹമ്മദ് ഷാഫിയെകുറിച്ച് പൊലീസ് തുറന്നുപറയണം -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. ഇതിനു പിന്നിൽ തീവ്രവാദ സംഘടനാ സ്വാധീനം ഉണ്ടെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് മനസ്സിലായ കാര്യങ്ങൾ തുറന്നുപറയാൻ പൊലീസ് തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മനുഷ്യമനസ്സാക്ഷിയെ നടുക്കിയ നരബലിയാണിത്. മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. ഈ സംഭവം കേരള സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കണം. ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകനും സി.പി.എം നേതാവുമാണ് ഒരു പ്രതി. ഭരണകക്ഷിയും അവരുടെ നേതാവും ശരിയായ അഭിപ്രായം പറയാൻ തയാറാകാത്തത് എന്തുകൊണ്ടാണ്? നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിനുപിന്നിൽ സി.പി.എം പ്രവർത്തകനാണെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു, സുരേന്ദ്രൻ പറഞ്ഞു.
സി.പി.എം എന്തുകൊണ്ടാണു പ്രതി ഭഗവൽ സിങ്ങിനെതിരെ നടപടി എടുക്കാത്തത്? കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കിൽ എങ്ങനെയാകുമായിരുന്നു ഇവിടുത്തെ പ്രതികരണങ്ങൾ? നമ്മുടെ നാട്ടിലെ സാംസ്കാരിക നായകർ എവിടെ പോയി? അർബൻ നക്സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെയെന്നും സുരേന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.