നരബലി: ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും
text_fieldsകൊച്ചി: ഇലന്തൂർ നരബലി കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പ്രതിയായ ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. റോസിലിന്റെയും പത്മയുടെയും ആഭരണങ്ങൾ കൊലപാതകത്തിന് ശേഷം ഷാഫി പണയം വെച്ച സ്ഥാപനത്തിലെത്തിച്ചാണ് തെളിവെടുക്കുക. ഭഗവൽസിങ് കൊലനടത്താനായി കത്തി വാങ്ങിച്ച ഇലന്തൂരിലെ കടയിലെത്തിച്ചും ഇന്ന് തെളിവെടുത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു.
അതിനിടെ, ഷാഫിയുടെയും ഭഗവൽസിങ്ങിന്റെയും ലൈലയുടെയും കൈയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി രണ്ട് സ്ത്രീകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ ലോട്ടറി വിൽപനക്കാരി ഓമനയെയും പന്തളത്തെ സ്വകാര്യ ഏജൻസിവഴി ഭഗവൽ സിങ്ങിന്റെ വീട്ടിൽ ജോലിക്കെത്തിയ യുവതിയെയും പ്രതികൾ അപായപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം. അടൂർ ആസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രത്തിനുവേണ്ടി ലൈലയുടെ അടുത്ത് സാമ്പത്തിക സഹായം ചോദിച്ചെത്തിയ പന്തളം ഇടപ്പോൺ സ്വദേശി സുമയും ആഭിചാരക്കെണിയിൽനിന്ന് രക്ഷപ്പെട്ടതായി വെളിപ്പെടുത്തി. ഓട്ടോ ഡ്രൈവർ ഹാഷിമാണ് ലോട്ടറി വിൽപനക്കാരിയായ ഓമന രക്ഷപ്പെട്ട വിവരം വെളിപ്പെടുത്തിയത്.
നരബലിക്ക് ഇരയായവരുടെ ആന്തരികാവയവങ്ങൾ പ്രതികൾ സൂക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിൽ വിശദ അന്വേഷണത്തിനാണ് പൊലീസിന്റെ തീരുമാനം. കൊലക്ക് ശേഷം കഷണങ്ങളാക്കിയ ശരീരഭാഗങ്ങൾ കണ്ടെടുത്തപ്പോൾ ആന്തരികാവയവ ഭാഗങ്ങളിൽ ചിലത് ഉണ്ടായിരുന്നില്ല. ഇത് ബലിയുടെ ഭാഗമായി പ്രത്യേകം എടുത്ത് സൂക്ഷിച്ചതായാണ് പ്രതികൾ വെളിപ്പെടുത്തിയത്. പൊലീസ് ഇത് പൂർണമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.