പഴമയെയും പാട്ടിനെയും പ്രണയിച്ച എളാപ്പ മമ്മുട്ടി യാത്രയായി
text_fieldsവേങ്ങര: പഴയതെന്തിനെയും ഏറെ ഇഷ്ടപ്പെടുകയും പുരാവസ്തു ശേഖരണത്തിൽ ആനന്ദം കണ്ടെത്തുകയും ചെയ്ത മേക്കരുമ്പിൽ മമ്മുട്ടി (73) യുടെ നിര്യാണം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും തീരാദുഃഖമായി.
കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയായ മമ്മുട്ടികാക്കയെ നാട്ടുകാർ സ്നേഹപൂർവ്വം എളാപ്പയെന്നാണ് വിളിച്ചിരുന്നത്. ഈ ആധുനിക യുഗത്തിലും മേക്കറമ്പിൽ മമ്മുട്ടി പാട്ടുകേട്ടിരുന്നത് ചാവിയിട്ടു തിരിക്കുന്ന പാട്ടുപെട്ടിയിലൂടെയായിരുന്നു. പെട്ടിയുടെ ഒരു വശത്ത് ചാവിയിട്ടു കറക്കുമ്പോൾ മുകളിൽ ഘടിപ്പിച്ച പ്ലേറ്റ് റിക്കാർഡർ കറങ്ങും, പെട്ടിയിൽ ഘടിപ്പിച്ച പ്രത്യേകതരം സൂചി റിക്കാർഡറിൽവെക്കും. റിക്കാർഡർ കറങ്ങുമ്പോൾ സംഗീതമുയരും.
കഴിഞ്ഞ അമ്പതു വർഷത്തിലധികമായി മമ്മുട്ടി പാട്ടുകേൾക്കുന്നത് ഈ പാട്ടുപെട്ടിയിലൂടെയായിരുന്നു. റാഫിയുടേയും കിഷോർ കുമാറിൻ്റേതു മടക്കം നൂറുകണക്കിന് പ്ലേ റിക്കാർഡറുകളാണ് മമ്മുട്ടിയുടെ കൈവശമുണ്ടായിരുന്നത്. 80 വർഷത്തിലധികം പഴക്കമുള്ള പാട്ടുപെട്ടിയും, റിക്കാർഡ് പ്ലേയറും, പഴയ രൂപത്തിലുള്ള കാസറ്റും, റേഡിയോയും മൈക്കും ഉൾപ്പെട്ട ഫോർ ഇൻ വൺ പ്ലയറും മമ്മുട്ടിയുടെ സ്വകാര്യ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.
പാട്ടിൽ കമ്പം കയറിയ മമ്മുട്ടി ഇത്തരത്തിലുള്ള പാട്ടുപകരണങ്ങൾ ശേഖരിക്കുന്നതിലും പിന്നീട് പുരാവസ്തു ശേഖരണത്തിലും എത്തുകയായിരുന്നു. പഴയ നാണയങ്ങളുടെ വലിയൊരു ശേഖരം തന്നെ മമ്മുട്ടിയുടെ ശേഖരണത്തിലുണ്ട്. 1921ൽ മലബാർ സമരത്തിൽ ബ്രിട്ടീഷുകാർ ഉപയോഗിച്ച വെടിയുണ്ട പുരാവസ്തു ശേഖരണത്തിലെ അപൂർവ്വ ഇനമാണ്.
ആറു മക്കളുള്ള ഇദ്ദേഹം പുരാവസ്തു ശേഖരണ ശീലം മക്കളിലേക്കും പകർന്നിട്ടുണ്ട്. മക്കളായ സിദ്ദീഖും ഷുക്കൂറും ഇപ്പോഴും പുരാവസ്തുക്കൾ ശേഖരിക്കുന്നുണ്ട്. സിദ്ദീഖ് മലപ്പുറം ജില്ലാ ന്യൂമസ്മാറ്റിക് സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.