എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -മുസ്‍ലിം ലീഗ്
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പുനരന്വേഷണം വേണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നുപേർ മരിക്കുകയും ഒമ്പതുപേർക്ക് പൊള്ളലേൽക്കുകയും ചെയ്ത കേസ് 10 മാസം അന്വേഷിച്ചത് ഇപ്പോൾ ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറാണ്. തുടർന്നാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. കർണാടക തെരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാണ് ട്രെയിൻ തീവെപ്പ് എന്നാണ് സംശയിക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞാണ് എ.ഡി.ജി.പിയും സംഘ്പരിവാറും ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തിയതെന്നും ഷാജി ആരോപിച്ചു.
ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫി വന്ന് ട്രെയിനിന് തീയിട്ടതിലും ആ ട്രെയിനിൽ തന്നെ രക്ഷപ്പെട്ടതിലും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമടങ്ങിയ ബാഗ് ട്രെയിനിലുപേക്ഷിച്ചതിലുമെല്ലാം വലിയ ദുരൂഹതയുണ്ട്.
പ്രതി പിടിയിലായതോടെ ഇയാൾ ‘ഷഹീൻ ബാഗുകാരനല്ലേ’ എന്നാണ് എ.ഡി.ജി.പി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത്. ഷഹീൻ ബാഗ് പൗരത്വ സമരം ശക്തമായി നടന്ന സ്ഥലമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഈ പ്രദേശം തീവ്രവാദികളുടെ സ്ഥലമെന്ന രീതിയിലാണ് എ.ഡി.ജി.പി വിശേഷിപ്പിച്ചത്. പിന്നീട്, അവിടെ നിന്ന് കുറേ പേരെ ചോദ്യം ചെയ്യാനായി കൊച്ചിയിൽ കൊണ്ടുവന്നു. പിടിച്ചുകൊണ്ടുവന്ന പയ്യന്മാരിലൊരാളുടെ പിതാവ് മുഹമ്മദ് ഷാറൂഖ് കൊച്ചിയിലെ ലോഡ്ജിൽ പിന്നീട് മരിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നതെങ്കിലും ദുരൂഹമാണ് ഈ മരണം. എ.ഡി.ജി.പി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന പി.വി. അൻവറിന്റെ വാക്കുകൾ ഇതോട് ചേർത്ത് വായിക്കണം.
ഷാറൂഖ് സെയ്ഫി മാത്രമാണ് തീവെപ്പിന് പിന്നിലെന്ന് പറഞ്ഞ എ.ഡി.ജി.പി ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നോ, പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതൊന്നും അന്വേഷിച്ചില്ല. സിംഗ്ൾ തീവ്രവാദി എന്ന നിലക്ക് അന്വേഷണം പൂർത്തിയാക്കുകയാണ് ചെയ്തത്. ആർ.എസ്.എസിന് എല്ലാ സംസ്ഥാനങ്ങളിലും ‘ഡീപ് സ്റ്റേറ്റ് പ്രോജക്ട്’ ഉണ്ട്. മകൾക്കെതിരായ കേസുകൾ ഒഴിവായി കിട്ടാൻ മുഖ്യമന്ത്രി ഇതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.