എലത്തൂർ ട്രെയിൻ തീവെപ്പ്: ചുരുളഴിയാതെ ഒരാഴ്ച
text_fieldsകോഴിക്കോട്: ഒരാഴ്ചയായിട്ടും കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പിലെ ദുരൂഹതകളുടെ ചുരുളഴിഞ്ഞില്ല. കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും എട്ടുപേർക്ക് പൊള്ളലേൽക്കുകയും ചെയ്ത ‘മിന്നൽ’ ആക്രമണം നടത്തിയതാര്, എന്തിനുവേണ്ടി എന്നീ ചോദ്യങ്ങളാണ് ആദ്യം മുതലേ ഉയർന്നത്. ഇതിൽ ആര് എന്നതിന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് ഷാറൂഖ് സെയ്ഫി പിടിയിലായതോടെ ഉത്തരമായി. പ്രതി കുറ്റം സമ്മതിച്ചതായും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്നും കത്തിക്കാനുപയോഗിച്ച പെട്രോൾ ഷൊർണൂരിൽനിന്നാണ് വാങ്ങിയതെന്നും സ്ഥിരീകരിച്ചെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആരുടെ പ്രേരണയിലാണ് ആക്രമണം നടത്തിയത്, എന്തിനുവേണ്ടിയായിരുന്നു ആക്രമണം എന്നിവക്ക് ഇതുവരെ കൃത്യമായ ഉത്തരമായിട്ടില്ല. ഇതുതന്നെയാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. എന്നാൽ, വെള്ളിയാഴ്ച കസ്റ്റഡിയിൽ കിട്ടിയ പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും പിന്നിലാര് എന്നതിന്റെ സൂചനപോലും ലഭിച്ചിട്ടില്ല.
അതേസമയം, ആക്രമണത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നു എന്നാണ് ഇതിനോടകം ലഭ്യമായ തെളിവുകളിൽനിന്ന് പൊലീസ് ഉറപ്പിച്ചത്. ആനിലക്കാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നതും. പ്രതിയുടെ മൊഴികളിലെ ചില വൈരുധ്യങ്ങളും അന്വേഷണസംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. മതിയായ തെളിവുകൾ സമാഹരിച്ചുമാത്രമേ ഇതിനെ മറികടക്കാനാവൂ എന്നതിനാൽ കേസിൽ ശാസ്ത്രീയ തെളിവുകളിൽ കേന്ദ്രീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി വൺ കമ്പാർട്ട്മെന്റിലെത്തി പ്രതി യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. മണിക്കൂറുകൾക്കുശേഷമാണ് കണ്ണൂർ മട്ടന്നൂർ സ്വദേശികളായ സ്ത്രീയെയും പുരുഷനേയും കോഴിക്കോട് ചാലിയം സ്വദേശിയായ കുട്ടിയെയും ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മൂന്നുപേരെയും പ്രതി തള്ളിയിടുകയായിരുന്നോ അതോ ട്രെയിനിലെ തീ കണ്ട് ഇവർ പുറത്തേക്ക് ചാടുകയായിരുന്നോ എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.