ട്രെയിനിലെ തീവെപ്പ്: പ്രതി മഹാരാഷ്ട്രയിൽ പിടിയിലെന്ന് പൊലീസ്
text_fieldsമുംബൈ: കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് തീകൊളുത്തുകയും മൂന്നുപേർ ട്രാക്കിൽ വീണ് ദാരുണമായി മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയതായി പൊലീസ്. പ്രതിയെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയ്ഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫിയെയാണ് കസ്റ്റഡിയിൽ എടുത്തത്.
മഹാരാഷ്ട്ര രത്നഗിരിയിൽവെച്ച് കേരളപൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതി പിടിയിലായെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.
രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയ ഷാറൂഖ് ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.
പ്രതി പൊലീസ് വലയിലായെന്ന വിവരം തിങ്കളാഴ്ച പുറത്തുവന്നെങ്കിലും ഇക്കാര്യം തള്ളാനോ കൊള്ളാനോ അന്വേഷണസംഘം തയാറായിരുന്നില്ല. ‘ആരെങ്കിലും കസ്റ്റഡിയിലുണ്ടോ’ എന്ന ചോദ്യത്തിന് ‘എല്ലാം ഇപ്പോൾ പറയാനാകില്ലെ’ന്നാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. തിങ്കളാഴ്ച രാത്രി സംസ്ഥാന പൊലീസ് മേധാവിയും ഏറക്കുറെ ഇതേ രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്.
അക്രമം നടന്ന എലത്തൂരിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്നാണ് ‘ഷാറൂഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് പൊലീസിന് ലഭിക്കുന്നത്. സംഭവം നടന്നയുടൻ പുറത്തേക്കിറങ്ങിയ ഇയാൾ കണ്ണൂരിലേക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന. താമസിയാതെ ഇയാൾ കസ്റ്റഡിയിലായെന്ന വിവരവും പുറത്തുവന്നു. ഷാറൂഖ് സെയ്ഫി എന്ന പേര് പുറത്തുവന്നയുടൻ തന്നെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സമാന പേരുള്ള ഏതാനും പേരെ നോയ്ഡയിൽ പിടികൂടിയിരുന്നു. ചിലരെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. സംസ്ഥാന പൊലീസാവട്ടെ ഇതേ പേരുകാരനെ തേടി നോയ്ഡയിലേക്ക് കുതിക്കുകയും ചെയ്തു. ബാഗിൽനിന്ന് ലഭിച്ച വെറും വിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ സംസ്ഥാന പൊലീസ് നോയ്ഡയിലേക്ക് പോയത് എന്നത് സംബന്ധിച്ച് വ്യക്തമല്ല. എൻ.ഐ.എ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.