ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഡൽഹി ശാഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയെ ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈമാസം 18ന് വൈകീട്ട് ആറുവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യംചെയ്യലിന് പ്രതിയെ മാലൂർകുന്നിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്നും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മൊബൈൽ അടങ്ങിയ ബാഗ് ഇയാളുടേതാണെന്നു സ്ഥിരീകരിച്ചെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സംഭവത്തിന് പിന്നിലാരെങ്കിലുമുണ്ടോ, എന്തെങ്കിലും ആശയത്തിന്റെ ഭാഗമാണോ എന്നെല്ലാം അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശദ ചോദ്യംചെയ്യലിലേ കൂടുതൽ കാര്യങ്ങൾ അറിയാനാവൂ. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ വിശദ വൈദ്യപരിശോധന മെഡിക്കൽ കോളജിൽ പൂർത്തിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്ലൊം തെളിവെടുപ്പിന് കൊണ്ടുപോകും-എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചയുടൻ ശിക്ഷാനിയമം 302 പ്രകാരം റെയിൽവേ പൊലീസ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിട്ടെത്തി മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ ആരോഗ്യം തൃപ്തികരമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്നയുടൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.
തുടർന്ന് ഉച്ചക്ക് ശേഷം ജില്ല കോടതി വളപ്പിലെ ഓഫിസിൽ പ്രതിയെ ഹാജരാക്കാൻ നിർദേശം നൽകിയ കോടതി, കസ്റ്റഡി അപേക്ഷ അനുവദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോൾ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ പൊലീസ് സെല്ലിൽ പ്രവേശിപ്പിച്ചത്.
ആക്രമണത്തിൽ തീവ്രവാദ സ്വഭാവവും ഭീകരബന്ധവും മറ്റാരുടെയെങ്കിലും പങ്കുമുണ്ടോയെന്നും അന്വേഷിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ടെയിനിന്റെ ഡി-വൺ കമ്പാർട്ട്മെന്റിൽ ഏപ്രിൽ രണ്ടിന് രാത്രി 9.10ഓടെ കുടുംബത്തോടൊപ്പം യാത്രചെയ്യവെ പ്രതി തീ ആളിക്കത്താൻ ഇടയാക്കുന്ന ഏതോ ദ്രാവകവുമായി ആക്രമണം നടത്തിയെന്ന തലശ്ശേരി സ്വദേശിയുടെ മൊഴിയിൽ റെയിൽവേ പൊലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.