ട്രെയിൻ തീവെപ്പ്: പൊള്ളിയ മുഖവും കാലുമായി ഷാറൂഖ് 806 കി.മീറ്റർ താണ്ടിയതെങ്ങനെ?
text_fieldsകോഴിക്കോട്: ഒരു കണ്ണ് തുറക്കാനാകുന്നില്ല, മുഖത്തിന്റെ ഒരുവശം മുഴുവൻ പരിക്ക്, കാലിൽ പൊള്ളൽ... ഈ അവസ്ഥയിലും ആരുടെയും ശ്രദ്ധയിൽപെടാതെ എലത്തൂർ ട്രെയിൻ തീവെപ്പുകേസ് പ്രതി ഷാറൂഖ് സെയ്ഫി 806 കിലോമീറ്റർ താണ്ടി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എത്തിയത് എങ്ങനെയെന്നത് ദുരൂഹതയാകുന്നു. പ്രതിക്കായി നാട് മുഴുവൻ ജാഗ്രതയോടെ വലവിരിച്ചുനിന്ന സമയത്താണ് ഈ രൂപത്തിൽ ഇയാൾ ഇത്രയും ദൂരം പിന്നിട്ടത്.
മലയാളം സംസാരിക്കാനറിയാത്ത, കേരളവുമായി കൂടുതൽ പരിചയമില്ലാത്ത ഇയാൾ എലത്തൂരിൽനിന്ന് എങ്ങനെ ആരുടെയും കണ്ണിൽപെടാതെ കടന്നുകളഞ്ഞു എന്നത് ഉൾപ്പെടെ സംശയാസ്പദമാണ്.
ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ ട്രാക്കിൽ വീണ് ദാരുണമായി മരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിയെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയ്ഡ സ്വദേശിയായ ഷാറൂഖ് സെയ്ഫിയെ ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവെസ്റ്റേഷൻ പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ആര്‍.പി.എഫും ചേര്‍ന്നാണ് പിടികൂടിയത്. കേരള എ.ടി.എസിന് കൈമാറിയ പ്രതിയെ എത്രയും വേഗം കേരളത്തിലെത്തിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചിട്ടുണ്ട്.
അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതി പിടിയിലായെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. റെയില്‍വേ സ്റ്റേഷന് സമീപത്തെ രത്നഗിരി സിവിൽ ആശുപത്രിയിൽ ചികില്‍സ തേടിയ ശേഷം തിരിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.
അക്രമം നടന്ന എലത്തൂരിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്നാണ് ‘ഷാറൂഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് പൊലീസിന് ലഭിക്കുന്നത്. സംഭവം നടന്നയുടൻ പുറത്തേക്കിറങ്ങിയ ഇയാൾ കണ്ണൂരിലേക്ക് കടന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച ആദ്യ സൂചന. താമസിയാതെ ഇയാൾ കസ്റ്റഡിയിലായെന്ന വിവരവും പുറത്തുവന്നു.
ഷാറൂഖ് സെയ്ഫി എന്ന പേര് പുറത്തുവന്നയുടൻ തന്നെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സമാന പേരുള്ള ഏതാനും പേരെ നോയ്ഡയിൽ പിടികൂടിയിരുന്നു. ചിലരെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. സംസ്ഥാന പൊലീസാവട്ടെ ഇതേ പേരുകാരനെ തേടി നോയ്ഡയിലേക്ക് കുതിക്കുകയും ചെയ്തു. എൻ.ഐ.എ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
രത്‌നഗിരിയിലെത്തിയ പ്രതി ഫോണ്‍ ഓണാക്കിയതാണ് അന്വേഷണ സംഘത്തിന് സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ഫോണിലേക്ക് സന്ദേശം വന്നതായി കണ്ടതോടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലില്‍ പ്രതി കുടുങ്ങി. ഗുജറാത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.