ട്രെയിൻ ആക്രമണം: ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്
text_fieldsന്യൂഡൽഹി: ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിക്കുകയും മൂന്നു പേർ ദൂരുഹ സാഹചര്യത്തിൽ ട്രാക്കിൽ വീണു മരിക്കുകയും ചെയ്ത സംഭവം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് ലോക്സഭ സ്പീക്കർക്ക് കൊടിക്കുന്നിൽ സുരേഷ് നോട്ടീസ് നൽകി.
സംഭവത്തിന്‍റെ എല്ലാ തലങ്ങളും അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. കൂടാതെ, റെയിൽ യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ റെയിൽവേ സുരക്ഷാസേനക്ക് പാളിച്ചകൾ പറ്റിയതടക്കം വിശദമായ അന്വേഷണം വേണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിൻ എലത്തൂർ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോൾ പെട്രോളുമായി കമ്പാർട്മെന്റിൽ കയറിയ ആക്രമി യാത്രക്കാർക്കു നേരെ സ്പ്രേ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു.
ടോയ്‍ലറ്റിന്റെ ഭാഗത്തു നിന്നു കമ്പാർട്മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോൾ വീശിയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്പാർട്മെന്റിലുണ്ടായിരുന്ന യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിന് തീപിടിച്ചുവെന്ന് ആദ്യം പ്രചരിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിൻ നിന്നത് പാലത്തിനു മുകളിലായതിനാൽ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. ഡി1 കമ്പാർട്മെന്റിൽ നിന്ന് മറ്റു കമ്പാർട്മെന്റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.
ട്രെയിനിലുണ്ടായിരുന്ന എട്ടു പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ 50 ശതമാനം പൊള്ളലേറ്റ അനിൽകുമാറിന്റെ നില ഗുരുതരമാണ്. കമ്പാർട്മെന്റിലുണ്ടായിരുന്ന റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിൻസ് എന്നിവരാണ് ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.