എലത്തൂർ ട്രെയിൻ തീവെപ്പ്: തുടരന്വേഷണമില്ലാത്തതിൽ ദുരൂഹത
text_fieldsകോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ‘കൊല്ലുകയും കൊല്ലിക്കുകയും’ ചെയ്തെന്നടക്കമുള്ള ഭരണകക്ഷി എം.എൽ.എ പി.വി. അൻവറിന്റെ ഗുരുതര ആരോപണങ്ങൾക്കുപിന്നാലെ, കേരളത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ ദുരൂഹത ചർച്ചയാവുന്നു. കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും ഒമ്പതുപേർക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായെങ്കിലും ആക്രമണ കാരണം, ആസൂത്രണം എന്നിവയടക്കമുള്ള കാര്യങ്ങളാണ് ഉത്തരമില്ലാ ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നത്.
ശാഹീൻ ബാഗ് സ്വദേശിയായ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് പിടികൂടി കേരള പൊലീസിന് കൈമാറിയെങ്കിലും ‘മോട്ടീവ്, പ്ലാനിങ്’ എന്നിവയടക്കമുള്ള തലങ്ങളിലേക്ക് കേരള പൊലീസിന്റെ അന്വേഷണം പോയില്ലെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. പിന്നാലെ കേസ് ഏറ്റെടുത്ത എൻ.ഐ.എയും കേരള പൊലീസിനപ്പുറം സമഗ്രാന്വേഷണം നടത്താതെ കോടതിയിൽ കുറ്റപത്രം നൽകുകയാണ് ചെയ്തത്. കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടിയെങ്കിലും എന്തിനായിരുന്നു ആക്രമണമെന്നതിൽ വ്യക്തതയില്ല.
ശാഹീൻ ബാഗ് സ്വദേശിയായ ഷാറൂഖ് സെയ്ഫി എന്തിനാണ് കേരളത്തിലെത്തി ആക്രമണം നടത്തിയത്, കേരളത്തോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ, ഇതുവരെ ഒരുകേസിലും ഉൾപ്പെടാത്ത ഇയാൾക്ക് ഇത്തരമൊരു വലിയ കുറ്റകൃത്യത്തിന് പ്രേരണ നൽകിയതാരാണ്, പ്രാദേശികമായ സഹായം കിട്ടാതെ ഷൊർണൂരിൽ വന്നിറങ്ങാനും അവിടെനിന്ന് പെട്രോൾ വാങ്ങി ട്രെയിനിൽ കയറാനും രാത്രി എലത്തൂരിൽ ആക്രമണം നടത്താനും തുടർന്ന് അതേ ട്രെയിനിൽ കണ്ണൂരിലെത്തി അവിടെനിന്ന് രത്നഗിരിയിലേക്ക് രക്ഷപ്പെടാനുമൊക്കെ കഴിയുമോ, ഇത്തരമൊരു കുറ്റകൃത്യത്തിന് പോകുമ്പോൾ തിരിച്ചറിയൽ രേഖകൾ അടക്കമുള്ളവ പ്രതി കൈയിൽ കരുതിയതും അത് ആക്രമണം നടത്തിയ ട്രെയിനിൽ ഉപേക്ഷിച്ചതും എന്തിനാണ് എന്നതടക്കമുള്ള സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്. ഇവ പലതും കേരള പൊലീസിന്റെ അന്വേഷണ വേളയിൽ രാഷ്ട്രീയ നേതാക്കളടക്കം ഉന്നയിച്ചുവെങ്കിലും അന്വേഷണസംഘം മുഖവിലക്കെടുത്തില്ല.
യു.എ.പി.എ കേസായിട്ടും ഇക്കാര്യങ്ങൾ അന്വേഷിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ‘പ്രതി ഭീകര കേന്ദ്രത്തിൽനിന്നാണ് വരുന്നത് (ശാഹീൻബാഗ്), അയാൾ സാക്കിർ നായിക്കിന്റെയും മറ്റും വിഡിയോകൾ യു ട്യൂബിൽ കണ്ടിരുന്നു’ എന്നെല്ലാം എ.ഡി.ജി.പി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. മഹാരാഷ്ട്ര എ.ടി.എസിൽ നിന്ന് ഏറ്റുവാങ്ങിയ പ്രതിയെ കേരള പൊലീസ് കാറിൽ കേവലം നാല് ഉദ്യോഗസ്ഥർക്കൊപ്പമാണ് കോഴിക്കോട്ടെത്തിച്ചത്. എസ്കോർട്ട് വാഹനം പോലും ഇല്ലാതിരുന്നതും കണ്ണൂരിൽ കാറിന്റെ ടയർ പഞ്ചറായി റോഡിൽ കുടുങ്ങിയതുമൊക്കെ അന്ന് സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ച് പ്രതി റോഡിൽ കുടുങ്ങിയത് ആദ്യം വാർത്തയാക്കിയ മാധ്യമ പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. പ്രതിയുടെ വിവരം ചോർന്നെന്നു പറഞ്ഞ് ഐ.ജി പി. വിജയനെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
കർണാടക തെരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ടായിരുന്നു എലത്തൂർ ട്രെയിൻ തീവെപ്പെന്ന് സംശയിക്കുന്നതായും എ.ഡി.ജി.പിയും സംഘ്പരിവാറും മുഖ്യമന്ത്രിയുമറിഞ്ഞാണ് ഗൂഢാലോചന നടന്നതെന്നും ആരോപിച്ച് രംഗത്തുവന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കേസിൽ പുനരന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഷാറൂഖ് സെയ്ഫിയുടെ ബന്ധുക്കളെയടക്കം പലരെയും അന്വേഷണസംഘം കൊച്ചിലെത്തിച്ചതിനുപിന്നാലെ പിടിച്ചുകൊണ്ടുവന്ന യുവാക്കളിലൊരാളുടെ പിതാവ് മുഹമ്മദ് ഷാറൂഖ് കൊച്ചിയിലെ ലോഡ്ജില് കൊല്ലപ്പെട്ടത് ആത്മഹത്യയെന്ന് പൊലീസ് ‘വിധിയെഴുതിയതിലും’ അദ്ദേഹം സംശയം ഉന്നയിച്ചിട്ടുണ്ട്. 2023 ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീവെപ്പുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.