ട്രെയിനിലെ തീവെപ്പ്: ബാഗിലെ ഫോൺ അവസാനമായി പ്രവർത്തിച്ചത് മാർച്ച് 30ന്, വിവരങ്ങൾ വീണ്ടെടുക്കാൻ പൊലീസിലെ സൈബർ വിഭാഗം
text_fieldsകോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ യാത്രക്കാരെ തീക്കൊളുത്തിയ സംഭവത്തിൽ ട്രാക്കിൽ നിന്ന് കണ്ടെത്തിയ പ്രതിയുടേതെന്ന് കരുതുന്ന ബാഗ് പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ട്രാക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണാണ് വലിയ തെളിവായത്. മാർച്ച് 30നാണ് ഫോൺ അവസാനമായി പ്രവർത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
മോട്ടറോള കമ്പനിയുടെ സിം കാർഡ് ഇല്ലാത്ത പഴയ മൊബൈല്‍ ഫോണാണ് ബാഗിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധിച്ചതിനു പിന്നാലെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ പൊലീസിലെ സൈബർ വിഭാഗം പരിശോധന തുടരുകയാണ്. ഫോണിൽ നിന്ന് പോയ കോളുകൾ, ഫോണിലേക്ക് വന്ന കോളുകൾ, അവസാനത്തെ ടവർ ലൊക്കേഷൻ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്.
മൊബൈൽ ഫോൺ കൂടാതെ പെട്രോൾ എന്ന് സംശയിക്കുന്ന ദ്രാവകം അടങ്ങിയ കുപ്പി, വിവിധ സ്ഥലപ്പേരുകൾ എഴുതിയ സ്റ്റിക്കി നോട്ട്, ഇംഗ്ലീഷിലും ഹിന്ദിയിലും ദിനചര്യ എഴുതിയ നോട്ട്ബുക്ക്, ഇയര്‍ഫോണും കവറും, ഭക്ഷണ അവശിഷ്ടം, മിക്സ്ചർ പാക്കറ്റ്, കറുത്ത ജാക്കറ്റ്, ഫുൾ കൈ ടീഷര്‍ട്ട്, പാന്റ്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി, ആയുർവേദ മരുന്നിന്റെ ഡപ്പി, ആണി എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
കുറിപ്പിൽ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് രേഖപ്പെടുത്തിയത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡ വിലാസമുള്ള സ്ലിപ്പും കണ്ടെത്തി. ഇവയെല്ലാം പൊലീസും വിരലടയാള, ഫോറൻസിക് വിഭാഗവും പരിശോധിച്ചു. ബാഗിൽ നിന്ന് ലഭിച്ച ദ്രാവകം പെട്രോൾ ആണെന്നാണ് നിഗമനം. വിദഗ്ധ പരിശോധയിൽ മാത്രമേ ഇത് ഉറപ്പിക്കാനാവൂ. രണ്ടു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പിയിൽ പകുതിയോളമാണ് ഈ ദ്രാവകം.
ബാഗ് കിടന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്ന് ചുവന്ന പ്ലാസ്റ്റികിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടെത്തിയിരുന്നു. പൊലീസ് ആദ്യഘട്ടത്തിൽ ബോംബെന്ന് സംശയിച്ച് ആ നിലയിലുള്ള സുരക്ഷയോടെ പരിശോധന നടത്തിയെങ്കിയും ഇതിൽ ചപ്പാത്തിയടക്കം ഭക്ഷണ സാധനങ്ങളാണ് ഉണ്ടായിരുന്നത്.
പരിശോധനയിൽ ബാഗിൽ നിന്ന് മുടി, വിരലടയാളങ്ങൾ അടക്കമുള്ളവ തെളിവായി വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും ശേഖരിച്ചിട്ടുണ്ട്.
ഫിംഗർ പ്രിന്റ് ടെസ്റ്റർ ഇൻസ്പെക്ടർ വി.പി. കരീം, എക്സ്പേർട്ട് പി. ശ്രീരാജ്, ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫിസർ ഡോ. മുഹമ്മദ് ഹിപ്സുദിൻ, റെയിൽവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.