ട്രെയിനിലെ തീവെപ്പ്; പ്രതി പിടിയിലായോ, ഒന്നും പറയാതെ പൊലീസ്
text_fieldsകണ്ണൂർ: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് തീകൊളുത്തുകയും അതുവഴി മൂന്നുപേരുടെ ദാരുണ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി എവിടെയെന്ന ചോദ്യം വീണ്ടുമുയരുന്നു.
ഉത്തർപ്രദേശിലെ നോയ്ഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാൾ തീവെപ്പ് നടത്തിയെന്ന നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ പൊലീസ് വലയിലായെന്ന വിവരം പുറത്തുവന്നെങ്കിലും ഇക്കാര്യം തള്ളാനോ കൊള്ളാനോ അന്വേഷണസംഘം തയാറല്ല. ‘ആരെങ്കിലും കസ്റ്റഡിയിലുണ്ടോ’ എന്ന ചോദ്യത്തിന് ‘എല്ലാം ഇപ്പോൾ പറയാനാകില്ലെ’ന്നാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. തിങ്കളാഴ്ച രാത്രി സംസ്ഥാന പൊലീസ് മേധാവിയും ഏറക്കുറെ ഇതേ രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്.
അക്രമം നടന്ന എലത്തൂരിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്നാണ് ‘ഷഹറൂഖ് സെയ്ഫി കാർപെന്റർ’ എന്ന പേര് പൊലീസിന് ലഭിക്കുന്നത്. സംഭവം നടന്നയുടൻ പുറത്തേക്കിറങ്ങിയ ഇയാൾ കണ്ണൂരിലേക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചനകൾ. താമസിയാതെ ഇയാൾ കസ്റ്റഡിയിലായെന്ന വിവരവും പുറത്തുവന്നു.
ഷഹറൂഖ് സെയ്ഫി എന്ന പേര് പുറത്തുവന്നയുടൻ തന്നെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സമാന പേരുള്ള ഏതാനും പേരെ നോയ്ഡയിൽ പിടികൂടിയതായി റിപ്പോർട്ടുണ്ട്. ചിലരെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. സംസ്ഥാന പൊലീസാവട്ടെ ഇതേ പേരുകാരനെ തേടി നോയ്ഡയിലേക്ക് കുതിക്കുകയും ചെയ്തു. ബാഗിൽനിന്ന് ലഭിച്ച വെറും വിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ സംസ്ഥാന പൊലീസ് നോയ്ഡയിലേക്ക് പോയത് എന്നത് സംബന്ധിച്ച് വ്യക്തമല്ല.
എൻ.ഐ.എ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കെ സംസ്ഥാന പൊലീസിന് സമ്മർദം കൂടുതലാണ്.
കേസുമായി ഒരാളെ പിടികൂടിയാലും ആര് അയച്ചു, എന്താണ് ലക്ഷ്യം, വല്ല സംഘടനകളും പിന്നിലുണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടേണ്ടതിനാൽ പ്രതി കസ്റ്റഡിയിലായോ ഇല്ലയോ എന്നതിനെ കുറിച്ച് ഒരു വ്യക്തതയും നൽകാൻ അന്വേഷണ സംഘം വിസ്സമ്മതിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.