ഷാറൂഖ് സെയ്ഫിക്ക് ഷർട്ട് മാറാൻ പുറമെനിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കും; പ്രതിയെ യാത്രക്കാർ തിരിച്ചറിഞ്ഞു
text_fieldsഎ.ആർ ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് തിരിച്ചറിഞ്ഞത്; ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കോഴിക്കോട്/ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഡൽഹി ശാഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയെ കണ്ണൂരിൽനിന്നുള്ള ട്രെയിൻ യാത്രക്കാരായ സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ താമസിപ്പിച്ച മാലൂർകുന്ന് എ.ആർ ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് യാത്രക്കാർ ഇയാളെ തിരിച്ചറിഞ്ഞത്. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
ആക്രമണം നടന്ന സമയത്ത് പ്രതി ചുവന്ന ഷർട്ട് ധരിച്ചതായാണ് ദൃക്സാക്ഷികൾ മൊഴി നൽകിയത്. എന്നാൽ, കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ ഷർട്ടിന്റെ നിറത്തിൽ ചെറിയ വ്യത്യാസം കാണുന്നുണ്ട്. ഷർട്ട് മാറ്റാൻ ട്രെയിനിൽ പ്രതിക്ക് പുറമെനിന്ന് സഹായം ലഭിച്ചോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു.
മട്ടന്നൂർ, മാലൂർ എന്നിവിടങ്ങളിലെ ദൃക്സാക്ഷികളിൽനിന്ന് വ്യാഴാഴ്ചതന്നെ പൊലീസ് മൊഴിയെടുത്തിരുന്നു. സാക്ഷികളെ പൊലീസ് മുൻകൈയെടുത്ത് കോഴിക്കോട്ട് എത്തിക്കുകയായിരുന്നു.
പൊലീസ് ക്യാമ്പിലെ തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച ഉച്ചക്ക് 1.45ഓടെ പ്രതിയുമായി പൊലീസ് സംഘം ഷൊർണൂരിലേക്ക് തെളിവെടുപ്പിന് പോയി. 3.28ഓടെ ഷൊർണൂരിലെത്തിയ സംഘം റെയിൽവേ സ്റ്റേഷനിലും പെട്രോൾപമ്പിലും തെളിവെടുപ്പ് നടത്തി. പ്രതി പെട്രോൾ വാങ്ങിയ സംസ്ഥാനപാതക്കരികെയുള്ള കുളഞ്ചീരി കുളത്തിനടുത്തെ പമ്പിലാണ് ആദ്യം എത്തിച്ചത്. കനത്ത പൊലീസ് കാവലിൽ ഇവിടെ അര മണിക്കൂറോളം ഇരുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പിന്നീട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിലൂടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറ്റി ഉടൻ തിരിച്ച് വാഹനത്തിൽ കയറ്റി. ഷൊർണൂരിലാണ് പ്രതി ഏറെനേരം ചെലവഴിച്ചത്. അവിടെ പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന കാര്യവും അന്വേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.