ട്രെയിൻ തീവെപ്പ്: പ്രതിയുടെ ഫോണ്‍ ചെര്‍പ്പുളശ്ശേരിയിൽ കണ്ടെത്തി; ഷൊർണൂരില്‍ സഹായിച്ച നാലുപേർ നിരീക്ഷണത്തിലെന്ന് പൊലീസ്
text_fieldsപാലക്കാട്: എലത്തൂര്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക ബന്ധമുണ്ടെന്ന സൂചന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതിക്ക് ഷൊർണൂരില്‍ നാലുപേര്‍ സഹായം ചെയ്തുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ നാലുപേരും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ചെര്‍പ്പുളശ്ശേരിയിലെ കടയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. സിം ഇല്ലാത്ത ഫോണ്‍ ഒരു യുവാവാണ് 8000 രൂപക്ക് വിറ്റതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഈ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ കടയുടമയില്‍നിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതി തീവ്രചിന്താഗതിക്കാരനെന്ന് എ.ഡി.ജി.പി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി തീവ്രചിന്താഗതിയുള്ളയാളാണെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. സാകിർ നായിക് ഉൾപ്പെടെ തീവ്ര ചിന്താഗതിക്കാരുടെ വിഡിയോകളും മറ്റും ഇയാൾ നിരന്തരം കണ്ടിരുന്നു.
വ്യക്തവും ശാസ്ത്രീയവുമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യു.എ.പി.എ ചുമത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിൽ ഇയാളാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ലഭിച്ചു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കണ്ടെത്തിയത്. അക്രമത്തിന് പിന്നിലാർക്കെങ്കിലും ബന്ധമുണ്ടോ എന്നതടക്കം അന്വേഷിച്ചുവരുകയാണ്. അതിന് കൂടുതൽ സമയം വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. വിപുല രീതിയിൽ മറ്റു സംസ്ഥാനങ്ങളിലടക്കം പോയി അന്വേഷണം നടത്തി. മറ്റു സംസ്ഥാന ഏജൻസികളും കേന്ദ്ര ഏജൻസികളുമായി ചേർന്നായിരുന്നു അന്വേഷണം. പ്രതി എന്തിനിത് ചെയ്തു എന്ന ചോദ്യത്തിന്, ‘‘അയാൾ വരുന്ന ഏരിയയെക്കുറിച്ചും അതിന്റെ പ്രത്യേകതയെക്കുറിച്ചും നിങ്ങൾക്കറിയാം. നിങ്ങൾ അന്വേഷിച്ചതാണല്ലോ. ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യണം എന്ന ആസൂത്രണത്തോടെയാണ് അയാൾ വന്നത്. അങ്ങനെയാണ് അയാൾ അത് ചെയ്തത്’’ എന്നായിരുന്നു എ.ഡി.ജി.പിയുടെ മറുപടി.
27 വയസ്സുള്ള പ്രതി നാഷനൽ ഓപൺ സ്കൂളിലാണ് പഠിച്ചത്. ആദ്യമായാണ് കേരളത്തിൽ വരുന്നത് എന്നാണ് മനസ്സിലായത്. യു.എ.പി.എ ചുമത്തിയതിനാൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, യു.എ.പി.എ ചുമത്തിയ കേസ് കേരള പൊലീസ് അന്വേഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.