എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഷാറൂഖ് സെയ്ഫിയെ ചൊവ്വാഴ്ച അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച വൈകീട്ട് ആറുവരെയാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ വീണ്ടും ഹാജരാക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയാനുള്ള നിയമം (യു.എ.പി.എ) ചുമത്തിയിരുന്നു. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ, എന്തിനുവേണ്ടിയാണ് ക്രൂരകൃത്യം ചെയ്തത് എന്നതെല്ലാം ഇനി കണ്ടെത്തണമെന്നും അതിന് കൂടുതൽ സമയം വേണമെന്നുമാണ് അന്വേഷണസംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ വ്യക്തമാക്കിയത്. പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും സൂചനയുണ്ട്. ഏപ്രിൽ രണ്ടിന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് രാത്രി ഒമ്പതരയോടെ എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെന്റിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒമ്പതുപേർക്കാണ് സംഭവത്തിൽ പൊള്ളലേറ്റത്. ചാലിയം സ്വദേശിയായ കുട്ടിയുടെയും കണ്ണൂർ സ്വദേശികളായ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം ട്രാക്കിന് സമീപം പിന്നീട് കണ്ടെത്തുകയും ചെയ്തു.
രത്നഗിരിയിൽനിന്ന് മഹാരാഷ്ര്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ആണ് പ്രതിയെ പിടികൂടി കേരള പൊലീസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.