രാജ്യത്ത് ആദ്യമായി വയോജന കമീഷൻ; ബിൽ നിയമസഭ പാസാക്കി
text_fieldsതിരുവനന്തപുരം: വയോജന ക്ഷേമത്തിനായി രാജ്യത്താദ്യമായി കമീഷൻ രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമീഷൻ ബിൽ നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉൽപാദനക്ഷമതയും മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി കമീഷൻ രൂപവത്കരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമീഷൻ രൂപവത്കരിക്കുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാൻ കമീഷന് അധികാരമുണ്ടാകും. കമീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലിൽ കവിയാത്ത അംഗങ്ങളുമുണ്ടായിരിക്കും.
എല്ലാ അംഗങ്ങളും വയോജനങ്ങളായിരിക്കും. ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വർഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയുമായിരിക്കും. വയോജനങ്ങൾക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാറുമായി സഹകരിച്ച് അത് സാധ്യമാക്കാനും നിയമസഹായം ലഭ്യമാക്കാനും കമീഷന് ചുമതലയുണ്ടായിരിക്കും.
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമീഷൻ മാറുമെന്ന് ബില്ലിന്മേൽ നടന്ന ചർച്ചകൾക്ക് മറുപടി പറഞ്ഞ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.