ഓവുചാലിൽ വീണ് വയോധികക്ക് പരിക്ക്; കരാറുകാർക്കെതിരെ ബന്ധുക്കൾ നിയമ നടപടിക്ക്
text_fieldsതിരുവമ്പാടി (കോഴിക്കോട്): പ്രവൃത്തി നടക്കുന്ന അഗസ്ത്യമുഴി - കൈതപ്പൊയിൽ റോഡിലെ തുറന്നിട്ട ഓവുചാലിൽ വീണ് സാരമായി പരിക്കേറ്റ വയോധികയുടെ ബന്ധുക്കൾ റോഡ് പ്രവൃത്തി നടത്തുന്ന കമ്പനിക്കെതിരെ നിയമ നടപടിക്ക്. വീഴ്ചയിൽ വാരിയെല്ലിന് പരിക്കേറ്റ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടി മിൽമുക്ക് ഓമശ്ശേരി വീട്ടിൽ നഫീസയുടെ (65) ബന്ധുക്കളാണ് നാഥ് കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.
മനുഷ്യാവകാശ കമീഷനും പരാതി നൽകും. തിരുവമ്പാടി മിൽമുക്കിലെ മസ്ജിദിൽ നിന്ന് നമസ്ക്കാരം കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങവെ തുറന്നിട്ട ഓവുചാലിൽ വീഴുകയായിരുന്നു നഫീസ. മാർച്ച് 30ന് രാത്രി എട്ടോടെയായിരുന്നു സംഭവം.
കോൺക്രീറ്റ് സ്ലാബ് വെക്കാത്ത വിടവിലൂടെയാണ് ഓവുചാലിൽ വീണത്. അഗസ്ത്യമുഴി - കൈത പൊയിൽ റോഡ് പ്രവൃത്തിയുടെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ ഓവുചാൽ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. 21 കി.മീ ദൈർഘ്യമുള്ള റോഡ് പ്രവൃത്തി 18 മാസ കാലാവധിയിൽ പൂർത്തികരിക്കാനായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ, മൂന്ന് വർഷമായി പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. 86 കോടി രൂപയാണ് പ്രവൃത്തിക്ക് കിഫ്ബി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.