മകന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു; ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് പ്രകോപനം
text_fieldsകോട്ടയം: കോട്ടയം കുമാരനല്ലൂരിൽ മകന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. കുമാരനല്ലൂർ മേൽപാലത്തിനു സമീപം ഇടയാടിയിൽ താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്. മകൻ അശോകനെ (42) എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 11.45നാണ് സംഭവം.
അശോകൻ ലഹരിക്ക് അടിമയായിരുന്നെന്നും രാജു ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പറയുന്നു. വീടിനകത്ത് ശബ്ദവും ബഹളവുംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചത്.
സംഭവസമയത്ത് രാജുവും അശോകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസികാസ്വസ്ഥത പ്രകടിപ്പിച്ച അശോകനെ പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടിന്‍റെ പിൻഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. രാജുവിന്‍റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രാജുവിന്‍റെ ഭാര്യയും ഒരു മകളും ആരോഗ്യസ്ഥിതി മോശമായതിനാൽ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകൾ വിവാഹിതയും. ചിത്രകാരനായ അശോകന്‍റെ ഭാര്യ വിദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.