നാല് മക്കളുള്ള പ്രായമായ അമ്മയെ റോഡിൽ തള്ളി; പൊലീസ് നടപടി എടുക്കുമെന്നായപ്പോൾ മകന്‍ ഏറ്റെടുത്തു
text_fieldsനേമം: പ്രായമായ അമ്മയെ നാലുമക്കളും പരിചരിക്കാതെ റോഡിൽ തള്ളി. പൊലീസ് നിയമ നടപടിയിലേക്ക് പോകുമെന്നായതോടെ വയോധികയെ ഒടുവില്‍ മകന്‍ ഏറ്റെടുത്തു. വിളപ്പില്‍ശാല കരുവിലാഞ്ചി മൂങ്ങോട് സ്വദേശിനി വിശാലാക്ഷി (85) യെയാണ് മുതിര്‍ന്ന മകന്‍ രാജന്‍ ഏറ്റെടുക്കാന്‍ തയ്യാറായത്. ഭര്‍ത്താവ് മരണപ്പെട്ട വയോധികയ്ക്ക് രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് ഉള്ളത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് രണ്ട് ആണ്‍മക്കള്‍ വിശാലാക്ഷിയെ പേയാട് ചെറുപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന മകളുടെ വീട്ടിലെത്തിച്ചെങ്കിലും അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അമ്മയെ ആണ്‍മക്കള്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
തിങ്കളാഴ്ച ഉച്ചക്ക് വിശാലക്ഷിയുടെ മക്കളോട് പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഡിക്കല്‍കോളജ് ഭാഗത്ത് താമസിക്കുന്ന ഒരു മകള്‍ ഒഴികെ മറ്റുള്ളവരെല്ലാം സ്റ്റേഷനിലെത്തിയിരുന്നു. സംരക്ഷണം ഏറ്റെടുത്ത മകന്‍ രാജന്‍ ഒഴികെ മറ്റുള്ളവര്‍ വയോധികയ്ക്ക് മാസംതോറും 1500 രൂപ വീതം നല്‍കണം, വിശാലാക്ഷിയുടെ ആരോഗ്യവിവരങ്ങള്‍ രാജന്റെ വീട്ടിലെത്തി അന്വേഷിക്കണം, മാസം തോറും സ്റ്റേഷനിലെത്തി അമ്മയുടെ സംരക്ഷണ വിവരങ്ങള്‍ പൊലീസിന് നല്‍കണം എന്നിവയാണ് വ്യവസ്ഥകള്‍.
ഞായറാഴ്ച വിശാലാക്ഷിയുടെ മകള്‍ വീടിന്റെ ഗേറ്റ് പൂട്ടി മുങ്ങിയതോടെ മണിക്കൂറുകളോളം റോഡരികില്‍ നിന്ന മറ്റുമക്കളുമായി സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ടി. ഉഷയും വിളപ്പില്‍ശാല പൊലീസും അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. തുടര്‍ന്ന് വിശാലാക്ഷിയെ താല്‍ക്കാലിക സംരക്ഷണത്തിന് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.