ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു
text_fieldsഅടിമാലി (ഇടുക്കി): പന്നിയാർകുട്ടി കുളത്രക്കുഴിക്ക് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മയാണ് (80) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ തെന്നി വീണ് കാൽമുട്ടിന് പരിക്കേറ്റ അന്നമ്മ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ തിങ്കളാഴ്ച പുലർച്ച നാലിന് കുളത്രക്കുഴിയിലാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. കുളത്രക്കുഴിയിൽനിന്ന് കയറ്റം കയറി വരുമ്പോൾ അമ്പലത്തിനാൽ പടിവളവിൽ പത്തടി താഴ്ചയിലുള്ള തോട്ടിലേക്ക് ആംബുലൻസ് തലകീഴായി മറിഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ അന്നമ്മയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന ബന്ധു മീനുവിന്റെ ഇടതുകാലിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ കോട്ടയം സ്വദേശി ആഷിന് നിസാര പരിക്കേറ്റു. അന്നമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഭർത്താവ് പരേതനായ പത്രോസ്. മക്കൾ: വത്സ, റോസിലി, തങ്കച്ചൻ, മാത്യു, ബേബി. മരുമക്കൾ: രാജു, ബാബു, ജിൻസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.