കോവിഡ് വാക്സിൻ എടുക്കാൻ പോയ വയോധിക സ്കൂട്ടർ ഇടിച്ച് മരിച്ചു
text_fieldsചെങ്ങന്നൂർ: കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാൻ ആശുപത്രിയിലേക്ക് പോയ വയോധിക സ്കൂട്ടറിടിച്ചു മരിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പടിഞ്ഞാറുടക്കത്ത് വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ഭവാനി (76) ആണ് വാഹനാപകടത്തിൽ മരിച്ചത്.
കോയിക്കൽ മുക്ക് എണ്ണയ്ക്കാട് റോഡിൽ കുട്ടമ്പേരൂർ കുന്നത്തൂർ ദുർഗാ ദേവി ക്ഷേത്രത്തിനു കിഴക്ക് വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം. മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ ഇവർ കുന്നത്തൂർ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുവെച്ച് ഓട്ടോയിൽ കയറാൻ റോഡ് മുറിച്ചുകടക്കവേ ആക്ടീവ സ്കൂട്ടറിടിക്കുകയായിരുന്നു.
ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
മക്കൾ: ശോഭ, ഗീത. മരുമക്കൾ: ശിവദാസൻ, ശശിധരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 നു വീട്ടു വളപ്പിൽ .സഞ്ചയനം ചൊവ്വാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.