വയോധികയുടെ പരാതി: കേസ് ഫയൽ അവസാനിപ്പിച്ച് വനിത കമീഷൻ
text_fieldsഅടൂർ: അയൽവാസി മർദിെച്ചന്ന കോട്ടാങ്ങലിലെ വയോധികയുടെ പരാതി കോടതിയുടെ പരിഗണനയിലായതിനാൽ വനിത കമീഷന് പരിഗണിക്കാൻ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ഫയൽ അവസാനിപ്പിച്ചതായി വനിത കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ. വ്യാഴാഴ്ച പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ കേസുകൾ പരിഗണിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.
കോട്ടാങ്ങൽ താമരശ്ശേരിൽ ലക്ഷ്മിക്കുട്ടിയമ്മയെ വീട്ടിൽ കയറി സമീപവാസി ആദർശ് മർദിച്ചെന്ന പരാതിയാണ് അവസാനിപ്പിച്ചത്. 89 വയസ്സുള്ള ലക്ഷ്മിക്കുട്ടിയമ്മയെ പറക്കോട് നടക്കുന്ന അദാലത്തിൽ ഹാജരാക്കണമെന്ന കമീഷൻ നിർദേശം വിവാദമായിരുന്നു. ഇതേക്കുറിച്ച് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനുമായി സംസാരിച്ച വയോധികയുടെ ബന്ധുവിേനാട് ജോസഫൈൻ മോശമായി പെരുമാറിയത് വലിയ വിവാദമായിരുന്നു. ഈ കേസാണ് അവസാനിപ്പിച്ചതായി വനിത കമീഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചത്. ലക്ഷ്മിക്കുട്ടിയമ്മ അദാലത്തിൽ ഹാജരായില്ല.
പരാതിയിൽ പെരുമ്പെട്ടി പൊലീസ് കേസെടുത്തതായും കോടതിയുടെ പരിഗണനയിലുമാണെന്ന് ഷാഹിദ കമാൽ പറഞ്ഞു. 2020 മാർച്ച് 10നാണ് ലക്ഷ്മിക്കുട്ടിയമ്മ പരാതി വനിത കമീഷനിൽ ഫയൽ ചെയ്തത്.
2020 ഫെബ്രുവരി ആറിന് ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ നാരായണപിള്ളയും പരാതി നൽകിയിരുന്നു. 2020 ഡിസംബർ 18ന് പറക്കോട് നടന്ന അദാലത്തിൽ പങ്കെടുക്കാൻ നോട്ടീസ് അയച്ചെങ്കിലും അന്നും പരാതിക്കാർ ഹാജരായില്ലെന്ന് ഷാഹിദ കമാൽ പറഞ്ഞു. എതിർകക്ഷി ഹാജരായി. ഡിസംബർ 18നാണ് അമ്മയുടെയും മകെൻറയും പരാതികൾ ഒന്നാണെന്ന് കമീഷൻ മനസ്സിലാക്കിയത്. കേസ് കോടതിയുടെ പരിഗണനയിലാണ്. കുടുംബത്തിലെ സ്ത്രീകളെ ഉപയോഗിച്ച് പുരുഷന്മാർ പരാതികൾ ചമക്കുന്നത് കമീഷന് തലവേദനയാണെന്നും അവർ പറഞ്ഞു.
വ്യാഴാഴ്ചത്തെ അദാലത്തിൽ 70 കേസാണ് പരിഗണിച്ചത്. 13 കേസ് തീർപ്പാക്കി. അഞ്ച് കേസ് നടപടിയെടുക്കുന്നതിന് വിവിധ വകുപ്പുകൾക്ക് റിപ്പോർട്ട് ചെയ്യും. ഒരുകേസിൽ കൗൺസലിങ്ങും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.