സംസ്കാരത്തിനിടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത സംഭവം: വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി, മകൻ കസ്റ്റഡിയിൽ
text_fieldsമാവേലിക്കര: ആലപ്പുഴ തെക്കേക്കരയിൽ സംസ്കാരത്തിനിടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത സംഭവത്തിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒൻപതോടെ സംസ്കാരത്തിനായി എടുക്കുമ്പോഴായിരുന്നു കുറത്തികാട് പൊലീസ് എത്തിയത്. സംശയം തോന്നിയതിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപവാസികൾ കൊടുത്ത പരാതിയിലായിരുന്നു നടപടി.
പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ പൊലീസ് സർജൻ്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. തൈറോയിഡ് ഗ്രന്ഥിക്ക് പരിക്കേറ്റതും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതുമാണ് മരണകാരണം.
മകൻ സന്തോഷിനൊപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകൻ സുനിലും താമസിച്ചു വന്നിരുന്നത്. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത മകൻ സന്തോഷിനെ ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പൊലീസ് പറഞ്ഞു. കുറത്തികാട് സി.ഐ വിശ്വംഭരൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.