എല്‍ദോസ് കുന്നപ്പിള്ളി പാര്‍ട്ടി പരിപാടിയിൽ; കോണ്‍ഗ്രസിൽ വിവാദം
text_fieldsപെരുമ്പാവൂര്‍: പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് കെ.പി.സി.സി.സി സസ്‌പെൻഡ് ചെയ്ത എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് വിവാദത്തില്‍.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ഷാജി സലീം നയിക്കുന്ന വാഹനജാഥയുടെയും കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്‍റ് കെ.പി. വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെയും സ്വീകരണ പരിപാടികളിലാണ് എല്‍ദോസ് കുന്നപ്പിള്ളിയെ ഉള്‍പ്പെടുത്തിയത്.
കേസില്‍ പ്രതിയാക്കപ്പെട്ട എല്‍ദോസിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാല്‍, ഇത് വകവെക്കാതെയാണ് ഒരു വിഭാഗത്തിന്‍റെ നീക്കമെന്നാണ് ആക്ഷേപം. 'ഐ' ഗ്രൂപ്കാരനായ എം.എല്‍.എയെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ മുതിര്‍ന്ന പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.
പരിപാടിയുടെ നോട്ടീസ് പുറത്തിറങ്ങിയതോടെയാണ് എം.എല്‍.എയെ പങ്കെടുപ്പിക്കുന്ന വിവരം പലരും അറിഞ്ഞതത്രെ. ഇതോടെ പല മണ്ഡലം കമ്മിറ്റി ഭാരവാഹികളും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ പ്രതിഷേധം അറിയിച്ചു. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് 'എ' വിഭാഗക്കാരനും കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്‍റ് 'ഐ' വിഭാഗക്കാരനുമാണ്. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്‍റിന് എം.എല്‍.എയെ പങ്കെടുപ്പിക്കുന്നതില്‍ വിയോജിപ്പായിരുന്നു.
എന്നാല്‍, ഗ്രൂപ് പ്രതിനിധികൂടിയായ എം.എല്‍.എയെ ഒഴിവാക്കുന്നതിനോട് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്‍റിന് യോജിപ്പല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് എം.എല്‍.എയെ മുഖ്യ പ്രഭാഷകനാക്കിയത്. സംഗതി വിവാദമായതോടെ പരിപാടികളില്‍നിന്ന് എം.എല്‍.എയെ ഒഴിവാക്കാന്‍ ഡി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.