'പൊലീസ് സാന്നിധ്യത്തിൽ എൽദോസ് എം.എൽ.എ പണത്തിനായി ബ്ലാക്ക്‌മെയിൽ ചെയ്തു': പീഡനക്കേസിൽ പൊലീസിനെതിരെയും ആരോപണം
text_fieldsതിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതി കോവളം പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. പരാതിയിൽനിന്ന് പിന്മാറാൻ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതി നൽകിയതിനു ശേഷം ഈ മാസം ഒമ്പതിന് തിരുവനന്തപുരത്തെ വീട്ടിൽനിന്ന് എം.എൽ.എ ബലമായി പിടിച്ചിറക്കിയെന്നും അധ്യാപിക കോടതിയിൽ പറഞ്ഞു.
കോവളം എസ്.എച്ച്.ഒക്ക് മുന്നിലെത്തിച്ച് പരാതി ഒത്തുതീർത്തെന്ന് എം.എൽ.എ അറിയിച്ചു. എഴുതി നൽകാൻ എസ്.എച്ച്.ഒ ആവശ്യപ്പെട്ടു. എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിൽ എം.എൽ.എ പണത്തിനായി ബ്ലാക്ക്‌മെയിൽ ചെയ്തു. കേസെടുക്കുന്നത് പൊലീസ് ബോധപൂർവം വൈകിപ്പിച്ചു. സമ്മർദം സഹിക്കാനാവാതെയാണ് കഴിഞ്ഞദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നും യുവതി പറയുന്നു.
എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും മൊഴി നൽകാൻ യുവതി എത്തിയില്ലെന്നാണ് കോവളം പൊലീസ് പറയുന്നത്. കഴിഞ്ഞമാസം 29നാണ് യുവതി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാറിന് ഇ-മെയിലിലൂടെ പരാതി നൽകിയത്. ഇതു കോവളം പൊലീസിന് കൈമാറുകയായിരുന്നു.
എം.എൽ.എ ദോഹോപദ്രവം ഏൽപിച്ചെന്ന് മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. പരാതിക്കാരിയുമായി ബന്ധപ്പെട്ടെങ്കിലും മൊഴി നൽകാൻ എത്തിയിരുന്നില്ല. പരാതി പിൻവലിക്കുമെന്ന പ്രതീതിയാണുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന് കാട്ടിയുള്ള പരാതി വഞ്ചിയൂർ പൊലീസിന് നൽകിയതോടെയാണ് വിഷയം വീണ്ടും സജീവമായത്.
അതിനിടെ യുവതിയെ നെയ്യാറ്റിൻകരയിൽനിന്ന് കോവളം പൊലീസ് കണ്ടെത്തി. കാണാനില്ലെന്ന കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.