എൽദോസ് കുന്നപ്പിള്ളി: പരാതിക്കാരി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതെന്ന് ഹൈകോടതി
text_fieldsകൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് ഹൈകോടതി. ഈ കേസുകളുടെ വിശദാംശങ്ങൾ അറിയണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, രേഖകൾ ഹാജരാക്കിയെന്ന് സെഷൻസ് കോടതി ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
എൽദോസിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാറും പരാതിക്കാരിയും നൽകിയ ഹരജികൾ പരിഗണിക്കവെയാണ് ഹൈകോടതി പരാതിക്കാരിക്കെതിരായ കേസുകളിലെ വിവരങ്ങൾ ആവശ്യപ്പെട്ടത്. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ആദ്യ പരാതിയിൽ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നും പരാതിക്കാരി 49 കേസിൽ പ്രതിയാണെന്നും എൽദോസിന്‍റെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. ആദ്യ പരാതി നൽകി 14 ദിവസത്തിന് ശേഷമാണ് ലൈംഗിക പീഡനം ഉന്നയിച്ചത്.
സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ വന്ന പരാതിക്കാരി പിന്നീട് ഫോണിന്‍റെ പാസ്വേഡ് സംഘടിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു. ഫോൺ തട്ടിയെടുത്ത ശേഷം ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് തന്‍റെ ഭാര്യയുടെ പരാതിയിൽ കുറുപ്പംപടി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും എൽദോസിന്‍റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് രേഖകൾ സെഷൻസ് കോടതിയിൽ നിന്ന് ഹാജരാക്കാൻ ഹൈകോടതി നിർദേശം നൽകി. പരാതിക്കാരിയുടെ മൊഴിയും വാട്സ്ആപ് സന്ദേശങ്ങളടക്കം തെളിവുകളും കേസ് ഡയറിയും ഉൾപ്പെടെ രേഖകൾ ഹാജരാക്കാനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
എന്നാൽ, പരാതിക്കാരി നൽകിയ രഹസ്യമൊഴി പരിഗണിക്കാതെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.