എം.എൽ.എക്ക് മർദനം: കലക്ടറുടെ റിപ്പോർട്ട് ഇന്ന്
text_fieldsകൊച്ചി: എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിൽ എൽദോ എബ്രഹാം എം.എൽ.എ ക്ക് മർദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കലക്ടർ എസ്. സുഹാസ് തിങ്കളാഴ്ച മുഖ്യ മന്ത്രിക്ക് സമർപ്പിക്കും. അതേസമയം, മാർച്ചിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദ അന്വേഷണത്തിന് ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി ബിജി ജോർജിന് കൈമാറി. സെൻട്രൽ സി.ഐ ആയിരുന്നു കേസെടുത്തത്.
പരിക്കേറ്റ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി, മറ്റുപ്രവർത്തകർ, അസി. കമീഷണർ കെ. ലാൽജി, എസ്.ഐ വിപിൻദാസ്, പൊലീസുകാരനായ സുബൈർ എന്നിവരെ നേരിൽ കണ്ടും ആശുപത്രി രേഖകൾ ശേഖരിച്ചുമാണ് കലക്ടർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പൊലീസും സി.പി.ഐ നേതൃത്വവും തങ്ങൾക്ക് അനുകൂല തെളിവുകൾ ഹാജരാക്കിയിരുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും.
അതേസമയം, മാർച്ചിൽ എം.എൽ.എ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി സെൻട്രൽ പൊലീസ് തയാറാക്കിയ എഫ്.ഐ.ആർ പുറത്തുവന്നു. കട്ടയും കുറുവടിയും കല്ലുമായാണ് പ്രവർത്തകർ മാർച്ചിന് എത്തിയതെന്ന് വ്യക്തമാക്കുന്ന എഫ്.ഐ.ആറിൽ ജില്ല സെക്രട്ടറി പി. രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. മുൻകൂട്ടി അനുമതിയില്ലാതെയായിരുന്നു മാർച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള ഉദ്യോഗസ്ഥനെ പരിക്കേല്‍ക്കുംവിധം മനഃപൂർവം ആക്രമിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അസി. കമീഷണർ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച് പരിക്കേൽപിച്ചു. സർക്കാർ വാഹനത്തിെൻറ ഗ്രില്ലിനും ഏഴോളം ഷീൽഡുകൾക്കും ബാരിക്കേഡുകൾക്കും നാശം വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
തുടർ അന്വേഷണത്തിന് സെൻട്രൽ പൊലീസ് കേസുമായി ബന്ധപ്പെട്ട രേഖകൾ എ.സി.പി ബിജി ജോർജിന് കൈമാറി. ഇദ്ദേഹത്തിെൻറ അന്വേഷണത്തിൽ വ്യക്തമാകുന്ന കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കും അറസ്റ്റടക്കമുള്ള തുടർനടപടികൾ. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ, മുടക്കയം സദാശിവൻ, സി.പി.ഐ ജില്ല കൗൺസിൽ അംഗം അസ്ലഫ് പാറേക്കാടൻ, ഉദയംപേരൂർ ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, ചൂർണിക്കര ലോക്കൽ സെക്രട്ടറി പി.കെ. സതീഷ്കുമാർ, പ്രവർത്തകരായ ജോൺ മുക്കത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയാവുന്ന എണ്ണൂറോളം പ്രവർത്തകർ എന്നിവർക്കെതിരെയാണ് കേസ്.
എം.എൽ.എക്ക് കൈ ഒടിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ് കൈമാറിയ മെഡിക്കൽ റിപ്പോർട്ട് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാൽ, കലക്ടറുടെ റിപ്പോർട്ട് അനുകൂലമാകുമെന്നാണ് സി.പി.ഐ നേതൃത്വത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.