എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: ബലാത്സംഗ, വധശ്രമക്കേസുകളിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയിൽ അപ്പീൽ നൽകും. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കോവളം ആത്മഹത്യ മുനമ്പിലെത്തിച്ച് എൽദോസ് കുന്നപ്പിള്ളി യുവതിയെ വധിക്കാൻ ശ്രമിച്ചതായി മൊഴിയുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുക്കേണ്ടതുണ്ട്. യുവതിയെ മർദിച്ചതിന് ദൃക്സാക്ഷികളുമുണ്ട്. പ്രതിയെ സാക്ഷികൾ തിരിച്ചറിയാൻ കൊണ്ടുപോകുന്നതിന് കസ്റ്റഡി അനിവാര്യമാണെന്ന് അപ്പീലിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടും. പരാതിക്കാരിയും അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിലും കോടതിയിലും വിശ്വാസമുണ്ടെന്നായിരുന്നു പ്രതികരണം.
കേസന്വേഷിച്ച ഇൻസ്പെക്ടറെ വരെ പ്രതി സ്വാധീനിച്ചതായി തെളിവുണ്ട്. സി.ഐക്കെതിരെ നടന്ന വകുപ്പുതല അന്വേഷണത്തിൽ എം.എൽ.എയുടെ സ്വാധീനമുണ്ടെന്ന് വ്യക്തമാണ്. സാക്ഷികളെയടക്കം സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ട്. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന കോടതിയുടെ കണ്ടെത്തൽ നിയമപരമായി നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ഹക്കീം വെമ്പായം പറഞ്ഞു. പ്രോസിക്യൂഷന്റെ നിയമോപദേശം വെള്ളിയാഴ്ച ഹൈകോടതിയിലെത്തിക്കും. ദീപാവലി അവധിക്ക് ശേഷം 25ന് അപ്പീൽ ഫയൽ ചെയ്യാനാണ് പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.