തെരഞ്ഞെടുപ്പ് വിപണിയിൽ ഇറങ്ങും 150 കോടി
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ മാനദണ്ഡ പ്രകാരം കേരളത്തിെൻറ വിപണിയിൽ ഇറങ്ങുക കുറഞ്ഞത് 150 കോടി രൂപ. 2016 തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് പരമാവധി ചെലവിടാൻ കഴിയുന്ന തുക 28 ലക്ഷമായിരുന്നു.
2020 ഡിസംബറിൽ ഇത് 30.8 ലക്ഷമാക്കി. ഇതോടെ 140 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണി സ്ഥാനാർഥികളുടെ മാത്രം ഔദ്യോഗിക പ്രചാരണ ചെലവ് 86.24 കോടിയാകും. ബി.ജെ.പി, മറ്റ് സ്ഥാനാർഥികൾ എന്നിവരുടേത് കൂടി കണക്കാക്കുേമ്പാൾ കമീഷെൻറ ഔദ്യോഗിക കണക്കുകളിൽതന്നെ പ്രചാരണ ചെലവ് 150 കോടി മറികടക്കും. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 87 മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ് ഓരോരുത്തർക്കും 10 ലക്ഷം വീതം ചെലവഴിച്ചുവെന്നാണ് കമീഷനിൽ നൽകിയ കണക്കുകളിൽ വ്യക്തമാക്കിയത്.
മുസ്ലിംലീഗ് സ്ഥാനാർഥികൾക്കായി മൊത്തം 2.20 കോടിയും ചെലവഴിച്ചു. ചെലവുകളിൽ 58 ശതമാനവും പൊതുസമ്മേളനം, പ്രകടനം എന്നിവക്കാണെന്നാണ് വിലയിരുത്തൽ. വാഹനങ്ങൾക്ക് 15 ശതമാനം, കാമ്പയിൻ പ്രവർത്തകർക്ക് 12 ശതമാനം, ദൃശ്യ, അച്ചടി മാധ്യമങ്ങൾക്ക് മൂന്ന് ശതമാനം, ബാനർ, ഹോർഡിങ്സ്, ലഘുലേഖകൾക്ക് പത്ത് ശതമാനം എന്നിങ്ങനെയാണ് മറ്റ് ചെലവുകൾ. 2016ൽ 137 എം.എൽ.എമാർ സമർപ്പിച്ച പ്രചാരണ ചെലവ് കണക്കിനെ അപഗ്രഥിച്ച് കേരള ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവ തയാറാക്കിയ റിപ്പോർട്ടിൽ അനുവദിക്കപ്പെട്ടതിൽ 50 ശതമാനത്തിൽ താഴെയാണ് 14 എം.എൽ.എമാർ പ്രചാരണത്തിന് ചെലവ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
137 എം.എൽ.എമാരുടെ ശരാശരി ചെലവ് 19.64 ലക്ഷമാണ് (70 ശതമാനം). സി.പി.എമ്മിലെ 55 എം.എൽ.എമാർ പ്രചാരണത്തിന് ശരാശരി 19.02 ലക്ഷം ചെലവഴിച്ചു.
കോൺഗ്രസിലെ 22 എം.എൽ.എമാർ 19.26 ലക്ഷവും സി.പി.ഐയിലെ 19 എം.എൽ.എമാർ 20.19 ലക്ഷവും ലീഗിലെ 18 എം.എൽ.എമാർ 20.27 ലക്ഷവും കേരള കോൺഗ്രസിലെ ആറ് എം.എൽ.എമാർ 20.09 ലക്ഷവും ശരാശരി ചെലവഴിച്ചു.
ജി. സുധാകരൻ 27.82 ലക്ഷം, രമേശ് ചെന്നിത്തല 27.77 ലക്ഷം, കെ. മുരളീധരൻ 27.73 എന്നിവരാണ് കൂടുതൽ പണം ചെലവിട്ടത്. ചെലവഴിച്ച തുകയിൽ 42 ശതമാനം പാർട്ടി ഫണ്ടും 44 ശതമാനം മറ്റ് സ്രോതസ്സുകളിൽനിന്നും 14 ശതമാനം സ്വന്തം തുകയുമാണെന്ന് വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.