പൊടുന്നനെ മാറി തെരഞ്ഞെടുപ്പ് അജണ്ട; ഗോദയിൽ സി.എ.എ തരംഗം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾശേഷിക്കെ, കേന്ദ്രം പുറത്തെടുത്ത പൗരത്വ നിയമ ഭേദഗതിയിൽ തിളച്ച് തെരഞ്ഞെടുപ്പ് രംഗം. പൊടുന്നനെ മാറിയ അജണ്ടയിൽ സംസ്ഥാനത്ത് ഇരു മുന്നണികളും ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി കരുക്കൾ നീക്കുകയാണ്.അയോധ്യയിലും മണിപ്പൂരിലും ഫലസ്തീനിലുമൊക്കെ കറങ്ങിയ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഇപ്പോൾ സി.എ.എ മേൽക്കൈ നേടി.
ദേശീയതലത്തിൽ സി.എ.എയെ ശക്തമായി എതിർക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് കോൺഗ്രസും സി.പി.എമ്മും രംഗത്തുള്ളപ്പോൾ സുപ്രീംകോടതിയിലെ നിയമപോരാട്ടം എടുത്തുകാട്ടി മുസ്ലിം ലീഗും ഗോദയിലുണ്ട്. യുവജന സംഘടനകളും തെരുവിലിറങ്ങി. ചട്ടത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ ഡി.വൈ.എഫ്.ഐയും ഹരജിയുമായി കോടതിയിലെത്തി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന ബി.ജെ.പി ഘടകത്തിന് സി.എ.എ തിരിച്ചടിയാവുകയും ചെയ്തു.
2019ൽ ആദ്യഘട്ട സി.എ.എ പ്രക്ഷോഭത്തിൽ സംസ്ഥാനത്ത് ഇരു മുന്നണികളും യോജിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. നിയമസഭ സംയുക്ത പ്രമേയവും പാസാക്കി. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വിഷയത്തിൽ തങ്ങളാണ് ആത്മാർഥമായി പ്രവർത്തിക്കുന്നതെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് പാർട്ടികൾ.
അതിനിടെ, ആദ്യഘട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സർക്കാർ സമരക്കാർക്കെതിരായി എടുത്ത കേസുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസും മുസ്ലിം ലീഗും സി.പി.എമ്മിനെതിരെ ആരോപണമുയർത്തുന്നു. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നെടുത്ത 835 കേസുകളിൽ 34 എണ്ണം മാത്രമാണ് പിൻവലിച്ചത്. തിങ്കളാഴ്ച വിജ്ഞാപനം പുറത്തുവന്നയുടൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന പ്രക്ഷോഭത്തോട് പൊലീസ് സ്വീകരിച്ച സമീപനത്തിലും മാറ്റമുണ്ടായില്ല. ദേശീയതലത്തിൽ സി.എ.എക്കെതിരായ കോൺഗ്രസ് നിലപാട് ദുർബലമാണെന്ന വാദം ഉയർത്തിയാണ് സി.പി.എം കോൺഗ്രസിനെ നേരിടുന്നത്. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് വിഷയത്തിൽ കോൺഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നതായ ആരോപണവും സി.പി.എം ഉയർത്തുന്നു. എന്നാൽ, തങ്ങൾ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതിതന്നെ റദ്ദാക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.