അൽപായുസ്സിന്റെ അധികാരക്കസേരകൾ
text_fieldsതൊടുപുഴ: അധികാരക്കസേര ചിലർക്ക് അങ്ങനെയാണ്. നാട് ഭരിക്കാൻ നിയോഗിക്കപ്പെട്ടിട്ടും അധികാരത്തിെൻറ കിരീടം അൽപായുസ്സിൽ അറ്റുപോയി. വെല്ലുവിളികളെ അതിജീവിച്ച് മന്ത്രിസഭയിലെത്തിയവർക്ക് പിന്നീട് രാഷ്ട്രീയ അന്തർനാടകങ്ങളിലും വിവാദങ്ങളിലും കാലിടറി. 1957 മുതൽ ഇതുവരെയുള്ള മന്ത്രിസഭകളുടെ ചരിത്രത്തിൽ 20ഒാളം പേർക്കെങ്കിലും മന്ത്രിയായി ഒരു വർഷത്തിനകം അധികാരം നഷ്ടമായി. മുഖ്യമന്ത്രിമാർവരെ ഇതിൽ ഉൾപ്പെടുന്നു.
കെ. ചന്ദ്രശേഖരനും ദാമോദരൻ പോറ്റിക്കും 13 ദിവസം മാത്രം
കേരളം രൂപവത്കരിക്കപ്പെട്ട ശേഷം 1962ലെ ആർ. ശങ്കർ മന്ത്രിസഭയിൽനിന്നാണ് ആദ്യ രാജി. റവന്യൂ മന്ത്രി കെ. ചന്ദ്രശേഖരനും പൊതുമരാമത്തു മന്ത്രി ഡി. ദാമോദരൻ പോറ്റിയും. പി.എസ്.പിയിൽനിന്നുള്ള ഇവർ 13 ദിവസം മാത്രം മന്ത്രിമാരായിരുന്ന ശേഷം ഒരേ ദിവസമാണ് രാജിവെച്ചത്. മന്ത്രിസഭയിലെ രാഷ്ട്രീയ ഭിന്നതകളായിരുന്നു കാരണം.
എൻ.ഇ. ബലറാം, പി.എസ്. ശ്രീനിവാസൻ, പി.കെ. രാഘവൻ, ആർ. ബാലകൃഷ്ണ പിള്ള
1970ലെ സി. അച്യുത മേനോൻ മന്ത്രിസഭയിൽനിന്ന് മൂന്ന് അംഗങ്ങൾ ഒരു വർഷം തികയും മുേമ്പ രാജിവെച്ചു. സി.പി.െഎ മന്ത്രിമാരായ എൻ.ഇ. ബലറാം, പി.എസ്. ശ്രീനിവാസൻ, പി.കെ. രാഘവൻ എന്നിവരാണ് പുനഃസംഘടനയെത്തുടർന്ന് കസേര ഒഴിഞ്ഞത്. ലോക്സഭാംഗമായിരിക്കെ ഇതേ മന്ത്രിസഭയിൽ അംഗമായ ആർ. ബാലകൃഷ്ണ പിള്ള ആറു മാസത്തിനകം നിയമസഭാംഗമാകാൻ കഴിയാത്തതിനാൽ രാജിവെച്ചു.
മുഖ്യമന്ത്രിമാരിൽ കരുണാകരൻ, പി.കെ. വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ
1977 മാർച്ച് 25ന് അധികാരമേറ്റ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലാവധി ഒരു മാസം മാത്രമായിരുന്നു. കോളിളക്കം സൃഷ്ടിച്ച രാജൻ കേസിൽ കരുണാകരൻ കോടതിയിൽ നൽകിയ വ്യാജസത്യവാങ്മൂലമാണ് മന്ത്രിസഭക്ക് അൽപായുസ്സ് വിധിച്ചത്.
1978 ഒക്ടോബർ 29ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി അധികാരമേറ്റ മന്ത്രിസഭയുടെ കാലാവധി കഷ്ടിച്ച് ഒരു വർഷം മാത്രമായിരുന്നു. മാണി-ജോസഫ് ഗ്രൂപ്പുകളുടെ തമ്മിൽത്തല്ലും സി.പി.െഎയും ആർ.എസ്.പിയും മുന്നണി വിടാൻ തീരുമാനിച്ചതുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടർന്ന് 1979 ഒക്ടോബർ 12ന് മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയക്ക് 54 ദിവസം കഴിഞ്ഞപ്പോൾ ഇറങ്ങേണ്ടിവന്നു.
എ.കെ. ആൻറണിയുടെ കോൺഗ്രസ് (യു), മാണിഗ്രൂപ് എന്നിവ പിന്തുണ പിൻവലിച്ചാണ് സി.എച്ചിനെ വീഴ്ത്തിയത്. 1980 ജനുവരി 25ന് സത്യപ്രതിജ്ഞ ചെയ്ത ഇ.കെ. നായനാർ 1981 ഒക്ടോബർ 20ന് അധികാരമൊഴിഞ്ഞത് കോൺഗ്രസ് എസും മാണി ഗ്രൂപ്പും പിന്തുണ പിൻവലിച്ചതുമൂലമാണ്.
വീരേന്ദ്രകുമാറിന് 48 മണിക്കൂർ, ബാലകൃഷ്ണ പിള്ളക്ക് നാലു മാസം
1987ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വനംമന്ത്രിയായ എം.പി. വീരേന്ദ്രകുമാർ ജനതാപാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്ന് 48 മണിക്കൂറിനകം രാജിവെച്ചു. 1995 മാർച്ച് 22ന് എ.കെ. ആൻറണി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായ ആർ. ബാലകൃഷ്ണ പിള്ളക്ക് ഇടമലയാർ കേസിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് നാലു മാസത്തിനകം രാജിവെക്കേണ്ടിവന്നു. 2001ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന കെ. മുരളീധരൻ ആറു മാസത്തിനകം നിയമസഭാംഗമാകാൻ കഴിയാത്തതിനാൽ മൂന്നു മാസത്തിനു ശേഷം മന്ത്രിസ്ഥാനം ഒഴിഞ്ഞു. 2005ൽ വനംമന്ത്രി കെ.പി. വിശ്വനാഥൻ ചന്ദനമാഫിയ കേസിലെ ഹൈകോടതി പരാമർശത്തെത്തുടർന്ന് ആറുമാസത്തിന് ശേഷം സ്ഥാനമൊഴിഞ്ഞു.
പി.ജെ. ജോസഫ് പിന്നാലെ കുരുവിള
വിമാനയാത്രാ വിവാദത്തിൽപ്പെട്ട പി.ജെ. ജോസഫ് 2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽനിന്ന് നാലു മാസത്തിന് ശേഷം രാജിവെച്ചു. തുടർന്ന് മന്ത്രിയായ ടി.യു. കുരുവിളക്കും ഭൂമി ഇടപാട് വിവാദത്തിൽപ്പെട്ട് ഒരു വർഷത്തിനകം കസേര തെറിച്ചു. നിലവിലെ പിണറായി വിജയൻ മന്ത്രിസഭയിൽ ഇ.പി ജയരാജൻ, എ.കെ. ശശീന്ദ്രൻ എന്നിവർ രാജിവെച്ച ശേഷം തിരിച്ചെത്തിയവരാണ്. കായൽ കൈയേറ്റ വിവാദത്തിൽപ്പെട്ട തോമസ് ചാണ്ടിയുടെ മന്ത്രിപദത്തിന് എട്ടു മാസം മാത്രമായിരുന്നു ആയുസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.