ആളെ കൂട്ടും അടവ്, നാട്ടുകലാകാരന്മാർക്ക് ഉണർവ്
text_fieldsകൊച്ചി: കോവിഡിൽ അടഞ്ഞ വരുമാനമാർഗങ്ങളിൽ അൽപമെങ്കിലും തെരഞ്ഞെടുപ്പുകാലത്തോടെ തുറന്നുകിട്ടിയതിെൻറ സന്തോഷത്തിലാണ് നാടൻ കലാകാരന്മാർ. പ്രചാരണം കൊഴുപ്പിക്കാൻ പതിനെട്ടാം അടവായി സ്ഥാനാർഥികൾ കലയുടെ വഴികൾ െതരെഞ്ഞടുത്തതോടെ ഇവരെ തേടിയും വിളികളെത്തി. യോഗങ്ങൾ തുടങ്ങുംമുമ്പും ശേഷവും ആളുകളെ ആകർഷിക്കാനാണ് കലാപരിപാടികൾ അരങ്ങേറുന്നത്.
വിഷുവിനോട് അനുബന്ധിച്ച ഉത്സവ സീസണിലാണ് നാടൻ കലാകാരന്മാർക്ക് മുൻകാലങ്ങളിൽ കൂടുതൽ വേദികൾ കിട്ടിയിരുന്നത്. കോവിഡ് വന്നതോടെ ഇതെല്ലാം മുടങ്ങി. നിയന്ത്രണങ്ങൾ മിക്ക മേഖലകളിലും ലഘൂകരിച്ചെങ്കിലും ഉത്സവാഘോഷങ്ങൾ ഇപ്പോഴും സജീവമല്ല. ഈ സമയത്താണ് തെരഞ്ഞെടുപ്പ് പ്രചാരണം പലർക്കും പിടിവള്ളിയായത്. തെരഞ്ഞെടുപ്പിനുശേഷം പൊതുവേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് നിയന്ത്രണം കുറച്ചാൽ കൂടുതൽ വേദികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇപ്പോൾ ക്ലബുകളും അമ്പല കമ്മിറ്റികളും പരിപാടികൾ സംഘടിപ്പിക്കാൻ ധൈര്യപ്പെടുന്നില്ല.
''കോവിഡിനുമുമ്പ് വിഷുക്കാലത്ത് 10 ദിവസം പരിപാടികൾക്ക് വേദികൾ ലഭിച്ചിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 35 പരിപാടിയെങ്കിലും അവതരിപ്പിക്കും. മാസത്തിൽ ശരാശരി 20 പരിപാടി അവതരിപ്പിച്ചിരുന്നിടത്താണ് ഇപ്പോൾ ഒന്നുരണ്ടായി ചുരുങ്ങിയത്'' -കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടുസംഘം ഡയറക്ടർ പ്രശാന്ത് പങ്കൻ പറയുന്നു. 18 വർഷത്തിനിടെ 3000 സ്റ്റേജ് പരിപാടി ചെയ്തിട്ടുണ്ട് നാട്ടുപൊലിമ. ഇതിൽ പകുതിയും രാഷ്ട്രീയസംഘടനകളുമായി ബന്ധപ്പെട്ടുതന്നെ.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ ഇടതുവലത് മുന്നണികൾക്കുവേണ്ടി അങ്കമാലി, കളമശ്ശേരി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിൽ നാട്ടുപൊലിമ പരിപാടികൾ ചെയ്തു. കോവിഡുകാലം നാടൻപാട്ട് ഉൾപ്പെടെയുള്ള കലാകാരന്മാർക്ക് വറുതിയുടെ കാലമായിരുന്നു. നാട്ടുകലാകാരക്കൂട്ടം എന്ന സംഘടനക്ക് കീഴിൽതന്നെ സംസ്ഥാനത്ത് 2500 പേരുണ്ട്. നാടൻ പാട്ടുകാരാണ് ഇതിൽ കൂടുതലും. സംസ്ഥാനത്ത് തെയ്യം, തിറയാട്ടം, വട്ടമുടി, പടയണി, മുടിയേറ്റ് തുടങ്ങിയ നാട്ടുപാരമ്പര്യ കലാകാരന്മാരായി 40,000 പേരെങ്കിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.