തെരഞ്ഞെടുപ്പ് പ്രചാരണം: ധർമടത്ത് പെരുമാറ്റച്ചട്ടം പാലിക്കാൻ ധാരണ
text_fieldsതലശ്ശേരി: നിയമസഭ തെരഞ്ഞെടുപ്പിൽ മാതൃക പെരുമാറ്റച്ചട്ടം പാലിച്ച് പ്രചാരണം നടത്താൻ ധർമടത്ത് പൊലീസ് വിളിച്ചുകൂട്ടിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. പ്രചാരണത്തിെൻറ ഭാഗമായി പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കരുത്. മുൻകൂട്ടി അനുമതി വാങ്ങി മാത്രമേ സ്വകാര്യ സ്ഥലങ്ങളിൽ പ്രചാരണ വസ്തുക്കൾ സ്ഥാപിക്കാവൂ.
പോളിങ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ ചുമരെഴുതുകയോ പോസ്റ്റർ പതിക്കുകയോ ചെയ്യരുത്. ബൂത്തിെൻറ 200 മീറ്റർ ചുറ്റളവിൽ സ്ഥിരമായി സ്ഥാപിക്കപ്പെട്ട വലിയ ചിഹ്നങ്ങൾ നീക്കം ചെയ്യുകയോ മറയ്ക്കുകയോ വേണം. മൈക്ക് അനുമതിക്കായുള്ള അപേക്ഷ ഏഴു ദിവസത്തിനു മുമ്പ് നൽകണം. ഒരു സ്ഥലത്ത് ആദ്യം അപേക്ഷ ലഭിക്കുന്ന പരിപാടിക്ക് മാത്രമേ അനുവാദം നൽകൂ.
ഒരുസ്ഥലത്ത് ഒരേ ദിവസം രണ്ട് സമയങ്ങളിൽ പരിപാടികൾ ഉണ്ടെങ്കിൽ ഒന്നു കഴിഞ്ഞശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേളയുണ്ടാവണം. റോഡിലോ ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകളിലോ ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ മായ്ക്കണം. പ്രിൻസിപ്പൽ എസ്.ഐ കെ.എം. രവി, സബ് ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി, സി.പി.എം, ബി.ജെ.പി, കോൺഗ്രസ്, മുസ്ലിം ലീഗ്, ആർ.എസ്.എസ് പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.