പ്രചാരണായുധങ്ങളേറെയുണ്ടായിട്ടും പാളയത്തിലെ പടയിൽ വലഞ്ഞ് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവും ബി.ജെ.പി-എൽ.ഡി.എഫ് വോട്ട് കച്ചവട ആരോപണവും പ്രചാരണായുധങ്ങളായുള്ളപ്പോഴും സ്ഥാനാർഥിനിർണയത്തിലെ തർക്കങ്ങൾ പരിഹരിക്കാനാകാതെ യു.ഡി.എഫ്. പാലക്കാട് എ.വി. ഗോപിനാഥും പത്തനംതിട്ടയിൽ പി. മോഹൻരാജും ഉയർത്തിയ വിമതഭീഷണി പരിഹരിച്ചെങ്കിലും ഇരിക്കൂർ, എലത്തൂർ, ഏറ്റുമാനൂർ, മണലൂർ മണ്ഡലങ്ങളിലെ തർക്കങ്ങൾക്ക് ശമനമായില്ല. ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ നടത്തിയ നീക്കം കല്ലുകടിയായി.
ശബരിമല യുവതീപ്രവേശനവിഷയം പ്രധാന പ്രചാരണവിഷയമാക്കാനുള്ള യു.ഡി.എഫ് ശ്രമം തുടക്കത്തിൽ വിജയിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായപ്രകടനമാണ് യു.ഡി.എഫിന് ആയുധമായത്. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ആചാരങ്ങൾ മാനിക്കുംവിധം പുതിയത് നൽകുമോയെന്ന യു.ഡി.എഫ് ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഭരണപക്ഷത്തിന് സാധിക്കുന്നില്ല.
ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിെൻറ വെളിപ്പെടുത്തലോടെയാണ് വോട്ട് കച്ചവടം ചർച്ചയായത്. തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്നാണ് ബാലശങ്കറിെൻറ വെളിപ്പെടുത്തൽ. പഴയ കോ-ലീ-ബി സഖ്യം ഉയർത്തി പ്രതിരോധിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുേമ്പാൾ അതൊക്കെ പഴകിയ ആക്ഷേപമാണെന്നാണ് യു.ഡി.എഫിെൻറ തിരിച്ചടി. എന്നാൽ, മികച്ച രാഷ്ട്രീയായുധങ്ങളുമായി ഇടതുപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാൻ കഴിഞ്ഞെങ്കിലും പാളയത്തിൽപട യു.ഡി.എഫിന് തലവേദനയായി അവശേഷിക്കുകയാണ്. ഇരിക്കൂറിലെ സ്ഥാനാർഥിനിർണയവുമായി ബന്ധെപ്പട്ട് കണ്ണൂർ ജില്ലയിൽ ഉടലെടുത്ത തർക്കത്തിന് ശമനമില്ല. പ്രശ്നപരിഹാരത്തിന് ഉമ്മൻ ചാണ്ടി വെള്ളിയാഴ്ച എത്തുന്നുണ്ടെങ്കിലും അണികൾ അകന്നുനിൽക്കുന്നത് വെല്ലുവിളിയാണ്. ഘടകകക്ഷിക്ക് സീറ്റ് നൽകിയതിനെതിരെ എലത്തൂരിൽ കോൺഗ്രസ് വിമതസ്ഥാനാർഥി രംഗത്തിറങ്ങി. ഒൗദ്യോഗിക സ്ഥാനാർഥിയുമായി സഹകരിക്കാൻ പ്രാദേശികനേതൃത്വം തയാറായിട്ടില്ല. സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം നടത്തി പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കുന്നത് യു.ഡി.എഫിന് കനത്ത വെല്ലുവിളിയാകും. മണലൂരിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം തുടരുകയാണ്. ധർമടത്ത് കെ. സുധാകരനെ ചുറ്റിപ്പറ്റിയുള്ള സ്ഥാനാർഥിചർച്ചയും അദ്ദേഹത്തിെൻറ പരസ്യ പിന്മാറ്റവും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.