മോദി-രാഹുൽ-പിണറായി; ത്രിമൂർത്തികൾക്കിടയിൽ സംഭവിക്കുന്നത്
text_fieldsതിരുവനന്തപുരം: സ്വന്തം പാർട്ടിയിൽ ഏറ്റവും ഉന്നതരായ മൂന്ന് നേതാക്കൾ തമ്മിലുള്ള രൂക്ഷമായ വാക്പോരാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചർച്ച. ദേശീയനേതാക്കൾ സംസ്ഥാന രാഷ്ട്രീയം പറഞ്ഞ് നേർക്കുനേർ കൊമ്പുകോർക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണ്. നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും ഇങ്ങനെയൊരു പോരിലേക്ക് നയിച്ച സാഹചര്യം എന്തായിരിക്കും...? കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിലാണെന്ന് എന്നതുതന്നെ കാരണം.
2019ൽ ചരിത്രത്തിലെ ഏറ്റവും വലിയ പതനം നേരിട്ട കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് (15) നൽകിയത് കേരളമാണ്. തിരിച്ചുവരവിന് കച്ചമുറുക്കിയ കോൺഗ്രസ് ഇക്കുറിയും അതുതന്നെ പ്രതീക്ഷിക്കുന്നു. ഉത്തരേന്ത്യയിൽ വളർച്ചയുടെ പാരമ്യത്തിലെത്തിയ ബി.ജെ.പിക്ക് സീറ്റ് കൂടണമെങ്കിൽ ദക്ഷിണേന്ത്യയിൽനിന്ന് ജയം അനിവാര്യം. ഉത്തരേന്ത്യയിൽ സീറ്റ് കുറയുകയാണെങ്കിൽ പിടിച്ചുനിൽക്കാനും കേരളത്തിലടക്കം വിജയിക്കണം. ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കേരളത്തിനായി നരേന്ദ്ര മോദി കൂടുതൽ സമയം മാറ്റിവെക്കുന്നത് അതുകൊണ്ടുതന്നെ. ബംഗാളിൽ തകർന്നടിഞ്ഞ സി.പി.എമ്മിന് കേരളം മാത്രമാണ് പ്രതീക്ഷ. രാഹുലിന്റെ വയനാടൻ വരവാണ് ഇടതുപക്ഷത്തെ കഴിഞ്ഞ തവണ ഒറ്റ സീറ്റിലൊതുക്കിയത്.
ഉത്തരേന്ത്യയിൽ സുരക്ഷിത സീറ്റില്ലെന്ന സാഹചര്യത്തിൽ വയനാട്ടിൽ രണ്ടാമങ്കം കുറിച്ച രാഹുലിനെ ഇൻഡ്യ മുന്നണി ബന്ധം മറന്ന് പിണറായി വിജയൻ കടന്നാക്രമിക്കുന്നത് അതുകൊണ്ടാണ്. തുടർച്ചയായ ആക്രമണത്തിനൊടുവിലാണ് എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം കണ്ണൂർ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. ‘പപ്പു’ എന്ന പഴയ പേര് വിളിപ്പിക്കരുതെന്ന് പറയാതെ പറഞ്ഞ പിണറായി രൂക്ഷമായ പ്രതികരണം നടത്തിയത് മോദി ആയുധമാക്കി. രാഹുലിനെതിരെ താൻ പോലും പറഞ്ഞിട്ടില്ലാത്ത കടുത്ത പ്രയോഗങ്ങളാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ നരേന്ദ്ര മോദി, ഇൻഡ്യ മുന്നണിയുടെ കെട്ടുറപ്പ് ചോദ്യം ചെയ്തു.
മോദി-പിണറായി അന്തർധാര, അമേത്തിയിൽനിന്ന് ഒളിച്ചോടി, മോദിയെ പേര് പറയാൻ പണറായിക്ക് പേടി എന്നിങ്ങനെ ആരോപണ പ്രത്യാരോപണങ്ങളുമായി പോര് മുറുകുകയാണ്. മൂന്ന് പാർട്ടികളുടെയും രണ്ടാംനിര-മൂന്നാംനിര നേതാക്കളടക്കം വിഷയം ഏറ്റെടുത്തതോടെ ത്രിമൂർത്തികളുടെ വാക്യുദ്ധം പ്രചാരണത്തിന്റെ കൊട്ടിക്കലാശ വിഷയമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.