ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് ഒരു വിദ്വാനുണ്ടായ അതിമോഹം -വി.എസ്
text_fieldsവേങ്ങര: മുസ് ലിം ലീഗ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണിതെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ലോക്സഭയിലേക്ക് മറ്റാരെയെങ്കിലും മത്സരിപ്പിക്കാമായിരുന്നിട്ടും ഒരു വിദ്വാനുണ്ടായ അതിമോഹമാണ് ഇതിന് പിന്നിലെന്ന് വി.എസ് പറഞ്ഞു.
ഇക്കുറി അതിമോഹം പാഴായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർഥിയെ ലീഗ് നേതൃത്വം ദൂരെയെറിഞ്ഞു. ആളുകളെ ബോധ്യപ്പെടുത്താൻ ഷോയുമായി റോഡിലിറങ്ങിയിരിക്കുകയാണ്. ലീഗിന് മറ്റൊരു സ്ഥാനാർഥി കൂടി ഇവിടെയുണ്ട്. ഒറിജിനലിന് വേണ്ടിയാണോ ഡ്യൂപ്ലിക്കേറ്റിന് വേണ്ടിയാണോ ഷോയെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ലീഗും കോൺഗ്രസും ആർ.എസ്.എസും ഒരമ്മ പെറ്റ മക്കളാണ്. പഴയ കോ-ലീ-ബി സഖ്യത്തിെൻറ ഓർമകൾ തികട്ടി വരുന്നുണ്ട്. തൊട്ടടുത്ത വള്ളിക്കുന്നിൽപോലും ഇവർ തോളോട് തോൾ ചേർന്നാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട്ട് ആർ.എസ്.എസ് നേതാക്കളെ ലീഗ് ഓഫിസിൽ വിളിച്ച് സൽക്കരിച്ചു. ബി.ജെ.പിക്ക് ഫണ്ട് കൊടുത്ത വനിത നേതാവിനെ പുറത്താക്കിയെന്ന് ലീഗ് പറഞ്ഞെങ്കിലും അവരും വോട്ട് പിടിക്കുന്നുണ്ടെന്നും വി.എസ് വ്യക്തമാക്കി.
ആർ.എസ്.എസുകാരനെതിരെ വോട്ട് ചെയ്യാൻ വയ്യാത്തതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും വഹാബും വിട്ടുനിന്നത്. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരെന്ന് പറയുന്നപോലെ ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിക്കാരെന്നതാണ് അവസ്ഥ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈത്തണ്ടയിൽ കാവിച്ചരട് കെട്ടുന്നതെന്നെന്ന് മാത്രമേ ഇനി അറിയാനുള്ളൂവെന്നും വി.എസ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.