പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജി: തപാൽ വോട്ടുകളുടെ പാക്കറ്റുകൾ കീറിയിരുന്നെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തപാൽ വോട്ടുകളടങ്ങിയ പാക്കറ്റുകൾ കീറിയ നിലയിൽ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. നാലാം നമ്പർ മേശയിലെ അസാധുവായ തപാൽ വോട്ടുകളുണ്ടായിരുന്ന രണ്ട് പാക്കറ്റുകളിൽ ഒന്നിന്‍റെ പുറത്തെ കവർ കീറിയ നിലയിലാണെന്നും കമീഷൻ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ. ബുട്ടോലിയ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി. പെരിന്തൽമണ്ണയിൽനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൊട്ടടുത്ത എതിർ സ്ഥാനാർഥി കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ റിപ്പോർട്ട്.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്‍റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെപോയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് കണ്ടെത്തി. ഈ സംഭവത്തിൽ കോടതി നിർദേശപ്രകാരമാണ് കമീഷൻ അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ തപാൽ ബാലറ്റ് ഉൾപ്പെടെ അടങ്ങിയ പെട്ടികൾ കോടതി നിർദേശപ്രകാരം തുറന്നു പരിശോധിച്ചിരുന്നു. ഹൈകോടതി രജിസ്ട്രാറുടെ (ജുഡീഷ്യൽ) സാന്നിധ്യത്തിൽ പരിശോധിച്ച രണ്ടാം നമ്പർ ഇരുമ്പ് പെട്ടിയിലെ പാക്കറ്റുകളെക്കുറിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇരുമ്പ് പെട്ടിയിലുണ്ടായിരുന്ന 567 പോസ്റ്റൽ ബാലറ്റുകളടങ്ങുന്ന പാക്കറ്റിന്‍റെ രണ്ടുവശവും കീറിയ നിലയിലായിരുന്നു. അസാധുവായ പോസ്റ്റൽ ബാലറ്റുകളിൽ രണ്ട് പാക്കറ്റുകളുടെ പുറം കവറും കീറിയിട്ടുണ്ടായിരുന്നു. ഈ പെട്ടിയിലുണ്ടായിരുന്ന ഏഴ് പാക്കറ്റും പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. സീലും ഉണ്ടായിരുന്നില്ല. അഞ്ചാം നമ്പർ മേശയിൽ എണ്ണിയ സാധുവായ 482 വോട്ടിന്‍റെ കെട്ട് കാണാനില്ലെന്ന് നേരത്തേ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.
കലക്ടറേറ്റിൽ സ്ഥലപരിമിതി മൂലം തെരഞ്ഞെടുപ്പ് രേഖകൾ സബ് ട്രഷറികളിൽ സൂക്ഷിക്കാൻ മലപ്പുറം കലക്ടറും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുമായ ഗോപാലകൃഷ്ണൻ നിയമസഭാ മണ്ഡലങ്ങളുടെ റിട്ടേണിങ് ഓഫിസർമാർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ രേഖകൾ സൂക്ഷിച്ചത്. പ്രത്യേക സ്റ്റോർ റൂമിലോ സ്റ്റീൽ അലമാരയിലോ സൂക്ഷിക്കേണ്ടതാണെങ്കിലും അതുണ്ടായില്ല.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുടെ നടപടിക്രമങ്ങളിലെ വീഴ്ചയാണിത്. എന്നാൽ, പിന്നീടുള്ള സംഭവങ്ങളുമായി ഇതിന് ബന്ധമില്ല. കോഓപറേറ്റിവ് സൊസൈറ്റി ജോയന്‍റ് റജിസ്ട്രാറുടെ ഓഫിസിൽ രേഖകൾ സുരക്ഷിതമല്ലാത്ത രീതിയിൽ വെച്ചതിന്‍റെ ഉത്തരവാദിത്തം സീനിയർ ഇൻസ്പെക്ടർ സി.എൻ പ്രതീഷ്, ജോയന്‍റ് രജിസ്ട്രാർ എസ്.എൻ. പ്രഭിത്, ട്രഷറർ എസ്. രാജീവ്, സബ് ട്രഷറി ഓഫിസർ എൻ. സതീഷ് കുമാർ എന്നിവർക്കാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഹരജി ജൂൺ എട്ടിന് പരിഗണിക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.